"എംആർ അജിത് കുമാറിൻ്റെ സസ്പെൻഷൻ ഡിജിപിയുടെ റിപ്പോർട്ട് പ്രകാരം":ആഭ്യന്തരമന്ത്രി
തൃശൂര്‍: എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എംആർ അജിത് കുമാറിൻ്റെ സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത് ഡിജിപിയുടെ റിപ്പോർട്ട് പ്രകാരമെന്ന് രമേശ് ചെന്നിത്തല. അന്വേഷണ റിപ്പോർട്ടാണ് പിന്നീട് സര്‍ക്കാര്‍ ഉത്തരവായി പുറത്ത് വരുന്നതെന്നും തുടർ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം അധികാര ദുര്‍വിനിയോഗവും വഴിവിട്ടുള്ള പ്രവര്‍ത്തനവും ആര് ചെയ്‌താലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ശനമായ നടപടിയെടുക്കന്നതാണ് യുഡിഎഫ് സര്‍ക്കാരിൻ്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
" എംആർ അജിത് കുമാറിൻ്റെ സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത് ഡിജിപിയുടെ റിപ്പോർട്ട് പ്രകാരമാണ്. ഉത്തരവിൽ അസാധാരണമായി ഒന്നുമില്ല. അധികാര ദുർവിനിയോഗം ആര് കാണിച്ചാലും അംഗീകരിക്കില്ല. കേവലം വ്യക്തികൾക്കെതിരായ നടപടിയല്ല. അന്വേഷണത്തിലൂടെ തെളിയക്കപ്പെട്ടാല്‍ ശിക്ഷ നല്‍കേണ്ടത് ഏതൊരു സര്‍ക്കാരിൻ്റെയും ഉത്തരവാദിത്തമാണ്. ഇത് വ്യക്തികള്‍ക്കെതിരായിട്ടുള്ളതല്ല. " അദ്ദേഹം വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സർക്കാരാണെന്നും അത്തരം ആവശ്യങ്ങളുമായി കോടതിയെ സമീപിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി എം മനോജ് ഹർജി തള്ളിയത്.നേരത്തെ ഈ കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കേസ് നടപടികളുമായി മുന്നോട്ട് പോകാൻ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ സർക്കാരിന് അപേക്ഷ നൽകുന്നതിന് പകരം ഹർജിക്കാരനായ അഭിഭാഷകൻ നാഗരാജ് വിജിലൻസ് കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. ഈ നടപടിക്രമത്തിലെ പിഴവാണ് ഹർജി തള്ളാൻ കാരണമായത്.നേരത്തെ വിജിലൻസ് നൽകിയ അന്വേഷണ റിപ്പോർട്ടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 1992-ലെ സുപ്രധാനമായ ഭജൻലാൽ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. 'ജനാധിപത്യമെന്ന ശരീര ഘടനയിലെ പ്രധാന ധമനിയാണ് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം. നിയമത്തിന് മുന്നില്‍ പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ വിലിയവനെന്നോ ചെറിയവനെന്നോ വിത്യാസമില്ല' കോടതി നിരീക്ഷിച്ചു.