നിതിൻ രാജ് ആത്മഹത്യാകേസ് : ഡിവൈഎസ്‌പിക്കും എസ്‌പിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
എറണാകുളം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ റാമിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതിലെ വീഴ്‌ചകളിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. കേസിൻ്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പിയെയും ക്രൈംബ്രാഞ്ച് എസ്‌പിയെയും നേരിട്ട് വിളിച്ചുവരുത്തിയാണ് കോടതി അതൃപ്‌തി അറിയിച്ചത്. ഗുരുതര സ്വഭാവമുള്ള ഇത്തരം കേസുകളിൽ പ്രതികൾ ജയിലിൽ പോകണമെങ്കിൽ കോടതി ഇടപെടേണ്ട അവസ്ഥ ആവർത്തിക്കരുതെന്ന് ഹൈക്കോടതി കർശന താക്കീതു നൽകി.
കർശന നടപടിക്ക് നിർദേശം
അറസ്റ്റ് നടപടിക്രമങ്ങളിൽ വീഴ്‌ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഡിജിപിക്ക് കോടതി പ്രത്യേക നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും, ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിക്ക് നേരിട്ട് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണക്കാരൻ്റെ കാര്യങ്ങൾ നോക്കാൻ ഇവിടെ കോടതിയുണ്ടെന്ന് ഓർമിപ്പിച്ച സിംഗിൾ ബെഞ്ച്, പൊലീസിൻ്റെ കാര്യനിർവഹണം വിശ്വാസ്യതയോടെ ചെയ്യണമെന്നും വ്യക്തിതാത്പര്യം ഒഴിവാക്കി നീതിയുക്തമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.
പൊലീസിന് കോടതിയുടെ പരിഹാസം
പൊലീസ് ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടത് പരിതാപകരമാണെന്ന് കോടതി വിലയിരുത്തി. ഡിവൈഎസ്‌പി പദവിയിൽ എത്തിയിട്ട് എത്ര വർഷമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ച കോടതി, മേൽനോട്ട ചുമതല എന്താണെന്ന് അറിയാമോ എന്ന് ക്രൈംബ്രാഞ്ച് എസ്‌പിയോട് പരിഹാസരൂപേണ ചോദിച്ചു. അറസ്റ്റിൻ്റെ പശ്ചാത്തലവും കാരണങ്ങളും പ്രതിയെ അറിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.പ്രതി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണോ പൊലീസ് പ്രവർത്തിച്ചതെന്നും, ഉദ്യോഗസ്ഥർ ചെയ്‌തത് ഗുരുതരമായ തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വിരോധമുണ്ടോയെന്നും, സർക്കാരിനെ നാണംകെടുത്തുകയായിരുന്നോ ലക്ഷ്യമെന്നും നേരിട്ട് ഹാജരായ ഉദ്യോഗസ്ഥരോട് ഹൈക്കോടതി ചോദിച്ചു. നിതിൻ രാജിൻ്റെ കുടുംബം നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി രണ്ടാഴ്‌ചത്തേക്ക് മാറ്റി.