കള്ളാടി മണ്ണിടിച്ചിൽ: കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ ഊർജിതം

കള്ളാടി മണ്ണിടിച്ചിൽ: കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ ഊർജിതം

വയനാട്: കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തസ്ഥലം സന്ദർശിക്കും.കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. റവന്യു വകുപ്പിൻ്റെയും മറ്റ് അധികൃതരുടെയും നേതൃത്വത്തിൽ ഊർജിതമായ തെരച്ചിലാണ് ഇന്ന് നടക്കുന്നത്. ഇതിനായി ഇന്നലെ രാത്രിയോടെ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. പാലത്തിലും റോഡിലുമായി വീണുകിടന്നിരുന്ന മണ്ണ് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൂർണമായും നീക്കം ചെയ്തു. കൂടുതൽ വാഹനങ്ങളും യന്ത്രങ്ങളും സ്ഥലത്തെത്തിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദുരന്തഭൂമിയെ ശാസ്ത്രീയമായി നാല് സോണുകളായി തിരിച്ചാണ് പരിശോധന. ഓരോ സോണിൻ്റെയും ചുമതല പ്രത്യേക ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെയും തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇവയുടെ സേവനം ലഭ്യമാക്കിയിരുന്നു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

മണ്ണിടിച്ചിലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംബാം ചെയ്ത ശേഷം എയർലിഫ്റ്റിങ് വഴി മൃതദേഹങ്ങൾ അവരവരുടെ നാടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. ഇതിനുള്ള ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ പാൽ (37), ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ് (40), ജാർഖണ്ഡ് സ്വദേശിയായ അൻമോൻ ഡോഡറെ (25) എന്നിവരാണ് മരിച്ചത്. ടണൽ നിർമാണ തൊഴിലാളികളാണ് ഇവർ.

കാണാതായവരും പരിക്കേറ്റവരും

അപകടത്തിൽ എം ഡി ഇംമ്രാൻ, ബിക്രം സിങ് റാണ, രാഹുൽ ശർമ, രാകേഷ്, അൻസാരി എന്നിവരെയാണ് കാണാതായത്. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രജനീഷ് (27), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂർ (35), ഹിര കുമാർ (32), തൻമയി ജോഷി (28), കൂടമ്മാൾ ജയ (37), കഞ്ജു (39), സന്തോഷ് എസ് എ (55) എന്നിവരാണ് അപകടത്തെ തുടർന്ന് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരുടെ സ്വദേശം സ്ഥിരീകരിച്ചിട്ടില്ല. നിസാര പരിക്കേറ്റ മറ്റ് ചിലരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് കൂടുതൽ മെഡിക്കൽ സംഘങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കർശന നിയന്ത്രണം

അപകടസ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ അകലെ വച്ചുതന്നെ വാഹനങ്ങൾ തടയുകയാണ്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയന്ത്രണം. റവന്യു, കൃഷി മന്ത്രിമാർ സ്ഥലത്ത് തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. വെളിച്ചം വീഴുന്നതോടെ കൂടുതൽ സംഘങ്ങളെ ഉൾപ്പെടുത്തി തെരച്ചിൽ വിപുലമാക്കാനാണ് തീരുമാനം. കാണാതായവർക്കായി തെരച്ചിൽ നടത്തുന്ന സംഘങ്ങൾക്ക് ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

വയനാട് ടൗൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ ഊരാളുങ്കലിന് നിർദേശം 

വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് കർശന നിർദ്ദേശം. കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ടൗൺഷിപ്പ് പദ്ധതിയോട് ചേർന്ന് അപകടകരമായ രീതിയിൽ കിടക്കുന്ന മണ്ണ് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടത്.ടൗൺഷിപ്പിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെട്ടിമാറ്റി സമീപപ്രദേശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടൻ മാറ്റണമെന്ന് നിർമ്മാതാക്കളായ ഊരാളുങ്കലിനോട് ആവശ്യപ്പെട്ടതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ വലിയ തോതിൽ മണ്ണ് കുന്നുകൂട്ടിയിടുന്നത് പ്രദേശത്ത് വൻ ആശങ്കയ്ക്ക് കാരണമായിരുന്നു. നിർദ്ദേശം ലംഘിച്ചാൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് മുന്നറിയിപ്പ് നൽകി.

"തുരങ്കപാത അപകടം: കുടുംബങ്ങളെ ചേർത്തുപിടിക്കും"

മണ്ണിടിച്ചിൽ അപകടം അതീവ ദുഃഖകരമാണെന്ന് വ്യക്തമാക്കി പ്രോജക്റ്റിന്റെ മുഖ്യ കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ് . ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും കമ്പനി പൂർണ്ണമായി ചേർത്തുപിടിക്കുമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് , നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയ്ക്ക് നൽകിയ നിയമപ്രകാരമുള്ള ഔദ്യോഗിക കത്തിൽ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കമ്പനിയുടെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണ നൽകുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ കത്തിൽ വ്യക്തമാക്കി.