കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കി സർക്കാർ പുതിയ പ്രോസിക്യൂഷൻ ഉത്തരവിറക്കി

എറണാകുളം: സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ (കെ.എസ്.സി.ഡി.സി) കോടികളുടെ അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കി സംസ്ഥാന സർക്കാർ പുതിയ അനുമതി ഉത്തരവിറക്കി. ഹൈക്കോടതി സർക്കാരിന്റെ അധികാരപരിധിയിൽ കടന്നുകയറിയെന്നും വിചാരണ കോടതിയുടെ സ്വഭാവത്തോടെ പെരുമാറിയെന്നുമുള്ള മുൻ ഉത്തരവിലെ വിവാദ ഭാഗങ്ങളാണ് വ്യവസായ വകുപ്പ് ഒഴിവാക്കിയത്. കൂടാതെ അനുമതി ഉത്തരവിനെതിരെ പ്രതികൾക്ക് അപ്പീൽ നൽകാമെന്ന മുൻ പരാമർശവും തിരുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ വ്യവസായ വകുപ്പ് സെക്രട്ടറി പുതുക്കിയ ഉത്തരവ് സത്യവാങ്മൂലമായി ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, പ്രോസിക്യൂഷൻ അനുമതി നിർദ്ദേശിച്ച ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കേസിൽ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് നിലവിലെ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഒരു മാസത്തിനകം അനുമതി നൽകിയത്. വിചാരണയ്ക്കുള്ള അനുമതി ഉത്തരവ് രണ്ട് ദിവസത്തിനകം ഹാജരാക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. കേസ് ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.