"കർത്തയുടെ മൊഴി തെറ്റ്; കേസ് പിണറായി വിജയനിലേക്ക്എത്തിക്കാനുള്ള ശ്രമത്തെ നേരിടും": എം വി ഗോവിന്ദൻ

തിരുവനന്തപുരം: പിണറായി വിജയനുമായുള്ള പരിചയം കൊണ്ടാണ് മകൾ വീണയ്ക്ക് പണം നൽകിയതെന്ന ശശിധരൻ കർത്തയുടെ മൊഴി തെറ്റും ശുദ്ധ അസംബന്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനാണ് ശ്രമം. നിയമപരമായി നേരിടും. അതിൽ പാർട്ടിക്കൊരു ഉത്കണ്‌ഠയുമില്ല. ഇല്ലാത്ത മൊഴിയാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കു കാരണം സംസ്ഥാന നേതൃത്വമാണെന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യാതൊരു അഴിച്ചുപണിയും പാർട്ടിയിൽ ഉണ്ടാകില്ല. അതെല്ലാം പരസ്യമായി ജനങ്ങൾക്ക് പരിശോധിക്കാൻ നൽകിയതാണ്. സംസ്ഥാന നേതൃത്വവും സെൻട്രൽ കമ്മിറ്റിയും ഒരുമിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണത്. മാധ്യമങ്ങൾ ചോർത്തിയെടുത്തതല്ല. പിണറായി വിജയനും താനും ഉൾപ്പെടെയുള്ളവർ പരിശോധിച്ച രേഖയാണ് പരസ്യപ്പെടുത്തിയത്. അതിലാണ് മാധ്യമങ്ങൾ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്. സെൻട്രൽ കമ്മിറ്റി ചെയ്യുന്നതു പോലെ സംസ്ഥാന കമ്മിറ്റിയുടെ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന നിർദ്ദേശം പരിഗണിക്കാം.സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും പൊലീസ് മർദനവും വ്യാപകമാകുന്നു. കഴിഞ്ഞ പത്തുവർഷമായി അതൊന്നും ഇല്ലായിരുന്നു. ഇപ്പോൾ പൊലീസ് ഗുണ്ടാരാജ് നടക്കുന്നു. കുണ്ടറയിൽ പൊലീസ് മർദനമേറ്റ് യുവാവ് മരിച്ചതിൽ സിബിഐ അന്വേഷണം നടത്തണം. സ്‌റ്റേഷനിൽ ക്യാമറ ഉള്ളതിനാൽ വഴിയിൽ വച്ചാണ് മർദിച്ചത്. കുടുംബാംഗങ്ങൾ അപേക്ഷിച്ചിട്ടും കള്ളക്കേസ് ചുമത്തി മർദിച്ചു. ക്രിമിനിൽ റെക്കോർഡുള്ള ഉദ്യോഗസ്ഥരെ വ്യാപക സ്ഥലംമാറ്റത്തിലൂടെ മാറ്റി പ്രതിഷ്‌ഠിക്കുന്നു. യുഡിഎഫ് സർക്കാർ അന്വേഷണത്തിൽ കുടുംബത്തിന് നീതി ലഭിക്കില്ല. മരിച്ച യുവാവിൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകി പൊലീസുകാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ഡൽഹി സമരത്തിൽ പങ്കെടുത്തവർക്കെതിരെ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയത് ഞെട്ടിക്കുന്ന അസാധാരണ അഭിപ്രായ പ്രകടനമാണ്. കലാപ ആഹ്വാനം നൽകിയ മോഹൻദാസിനെതിരെ കേസെടുക്കണം. ഗുജറാത്തിൽ കുട്ടികളെ ശൂലത്തിൽ തറച്ച സംഭവത്തെപ്പോയെുള്ളവയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മോഹൻദാസിൻ്റെ പരാമർശത്തിൽ കേരളം ശക്തിയായി പ്രതികരിക്കണം. കേരളത്തിലുടനീളം കൊലവിളി നടത്തുന്ന ആർഎസ്എസിന് ഫാസിസമുഖമാണ്. മുഖ്യമന്ത്രി വി ഡി സതീശൻ അവരോട് ചേർന്നു നിൽക്കുന്നു. മോഹൻദാസിനെതിരെ കേരള പൊലീസ് കേസെടുക്കുന്നില്ല.
വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ ആവശ്യത്തിനെതിരെ കേരളവും തമിഴ്‌നാടും സുപ്രീം കോടതിയിൽ കേസു നൽകിയിട്ടുണ്ട്. എന്നാൽ, യുഡിഎഫ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്, രണ്ടുപേരെ ഉൾപ്പെടുത്താമെന്നാണ്. കേരളം നൽകിയ കേസ് സുപ്രീം കോടതിയിലുണ്ട്. ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ സമരം പുതിയൊരു അധ്യായമാണ്. അതിൽ ഇടതു സംഘടനകളുടെ പങ്കാളിത്തം മാധ്യമങ്ങൾ ബോധപൂർവം മറച്ചുവച്ചു. സമരക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.