"ശബരിമലയിലെ വഴിപാട് ക്രമക്കേട്, വിശുദ്ധ സ്ഥലത്തെ അവിശുദ്ധ രീതി": ഹൈക്കോടതി.

"ശബരിമലയിലെ വഴിപാട് ക്രമക്കേട്, വിശുദ്ധ സ്ഥലത്തെ അവിശുദ്ധ രീതി": ഹൈക്കോടതി.

എറണാകുളം: ശബരിമല അഷ്‌ടാഭിഷേക വസ്‌തുക്കളുടെ വിതരണക്കാരായി ദേവസ്വം ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വിശുദ്ധ സ്ഥലത്തെ അവിശുദ്ധ രീതിയെന്നാണ് സംഭവത്തെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്. ശബരിമലയിലെ വഴിപാട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടക്കാല ഉത്തരവ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 31,313 അഷ്ടാഭിഷേകങ്ങൾ നടന്ന വകയിൽ വിതരണച്ചെലവായി ഉദ്യോഗസ്ഥർ 93.93 ലക്ഷം രൂപ കൈപ്പറ്റിയതായി ഓഡിറ്റ് റിപ്പോർട്ടിലൂടെ വ്യക്തമായി. യാതൊരുവിധ ബില്ലുകളോ വൗച്ചറുകളോ പർച്ചേസ് രേഖകളോ സൂക്ഷിക്കാതെയായിരുന്നു ഈ തുക കൈപ്പറ്റിയത്. എല്ലാ വഴിപാട് സാമഗ്രികളും ഇനി മുതൽ സെൻട്രൽ സ്റ്റോർ വഴി മാത്രം വാങ്ങണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന് കർശന നിർദ്ദേശം നൽകി.സെൻട്രൽ സ്റ്റോറിലെ സ്റ്റോക്ക് മാനേജ്മെൻ്റ് പൂർണമായും ഡിജിറ്റൈസ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സ്പോൺസർഷിപ്പായി ലഭിക്കുന്ന എല്ലാ സാമഗ്രികൾക്കും രേഖയും ഗുണനിലവാര പരിശോധനയും നിർബന്ധമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.ശബരിമലയിൽ വഴിപാടുകൾക്കായി ഉപയോഗിക്കുന്ന പൂജാ സാമഗ്രികൾ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതര ക്രമക്കേടുകൾ ഉണ്ടായെന്ന ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

തുടർന്ന് കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി ഗുരുതര വീഴ്‌ചകൾ കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, അഷ്‌ടാഭിഷേകത്തിനായി ഉപയോഗിക്കുന്ന പാൽ, ഇളനീർ, പനിനീർ തുടങ്ങിയ സാമഗ്രികൾ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ നേരിട്ട് വാങ്ങുകയായിരുന്നു. ഈ വർഷം മേയ് 18ന് കോടതി പുറപ്പെടുവിച്ച ഉത്തരവിലും അഷ്‌ടാഭിഷേക പൂജകളുടെ നടത്തിപ്പ്, സാധനങ്ങൾ വാങ്ങിയ വകയിൽ തുക ഈടാക്കുന്ന രീതി എന്നിവയിലെ ഗുരുതരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അഷ്‌ടാഭിഷേകത്തിൻ്റെ സപ്ലയർ ചെലവിൻ്റെ കൃത്യമായ ബില്ലുകളോ വൗച്ചറുകളോ പർച്ചേസ് രേഖകളോ ഇല്ലാതെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ കൈപ്പറ്റുന്നു എന്നതായിരുന്നു പ്രധാന ആരോപണം.എന്നാൽ ഇവ വാങ്ങിയതിൻ്റെ സ്റ്റോക്ക് രജിസ്റ്ററോ ലെഡ്‌ജറോ സൂക്ഷിച്ചിരുന്നില്ല. വാങ്ങലുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റ് രേഖകളും ഓഡിറ്റിന് ഹാജരാക്കിയില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ 31,313 അഷ്‌ടാഭിഷേകങ്ങൾ നടന്നിട്ടും ലക്ഷക്കണക്കിന് രൂപ സപ്ലയർ ചെലവായി നൽകിയിട്ടും അതിൻ്റെ രേഖകൾ കൃത്യമായി സൂക്ഷിച്ചിരുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തുകയായിരുന്നു. യാതൊരുവിധ സുതാര്യതയോ ആധികാരികതയോ സാമ്പത്തിക ഉത്തരവാദിത്തമോ ഇല്ലാതെ വർഷങ്ങളായി ഇങ്ങനെ സാധനങ്ങൾ സ്വീകരിക്കുന്നത് അഴിമതിക്കും ഭരണപരമായ ദുരുപയോഗത്തിനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.