കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുതിർന്ന സിപിഎം നേതാക്കൾ പിഎംഎൽഎ കോടതിയിലെത്തി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുതിർന്ന സിപിഎം നേതാക്കൾ പിഎംഎൽഎ കോടതിയിലെത്തി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. മുന്‍ മന്ത്രിമാരും സിപിഎം നേതാക്കളുമായ എ സി മൊയ്തീൻ എംഎൽഎ, കെ രാധാകൃഷ്ണൻ എംപി, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. വിചാരണ നടപടികളിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ (കള്ളപ്പണ നിരോധന നിയമം) കോടതിയിലാണ് നേതാക്കൾ നേരിട്ടെത്തിയത്.അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള 28 പ്രതികളോടും ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കുറ്റപത്രത്തിലെ കണ്ടെത്തലുകൾ വിചാരണയിലേക്ക് കടക്കാൻ പര്യാപ്തമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കള്ളപ്പണ നിരോധന നിയമപ്രകാരം വിചാരണ നേരിടേണ്ടി വരുന്നത്.

കേസിലെ അനുബന്ധ കുറ്റപത്രത്തിൽ എ സി മൊയ്തീൻ എംഎൽഎ 67-ാം പ്രതിയും കെ രാധാകൃഷ്ണൻ എംപി 70-ാം പ്രതിയുമാണ്. വ്യക്തികൾക്ക് പുറമെ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പാർട്ടി ഫണ്ടിലേക്ക് എത്തിയതായും വിവിധ ആവശ്യങ്ങൾക്കായി പാർട്ടി ഇത് കൈപ്പറ്റിയതായും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.​ബാങ്കിലെ ബിനാമി ഇടപാടുകളിലും വായ്പാ ക്രമക്കേടുകളിലും നേതാക്കൾക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ ഇഡി ഇവരെ മുൻപ് പലതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സിപിഎമ്മിൻ്റെ പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമി ഉൾപ്പെടെ, പാർട്ടിയുടെയും സ്വകാര്യ വ്യക്തികളുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു.​കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ, പാർട്ടി ഘടകങ്ങൾക്കും മുതിർന്ന നേതാക്കൾക്കുമെതിരെയുള്ള ഇഡിയുടെ വാദങ്ങൾ കോടതി വിചാരണ നടപടികളിലേക്ക് നീങ്ങുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.