"ക്ഷാമബത്തയിൽ കുടിശ്ശിക വരുത്തിയത് ഇടതുപക്ഷ സർക്കാർ,ചോദിക്കാൻ മുൻ മുഖ്യമന്ത്രിക്ക് അവകാശമില്ല ":വി.ഡി. സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വരുത്തിവെച്ച ഡിഎ ((Dearness Allowance)കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അർഹതയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ .സമയാസമയത്ത് ഡിഎ നൽകാതെ കുടിശ്ശിക വരുത്തിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
87,000 കോടി രൂപയുടെ കടം വരുത്തിവെച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞത്. മെഡിസെപ്പ്, ലീവ് സറണ്ടർ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതും മുൻ സർക്കാരാണ്. കുടിശ്ശിക വരുത്തിയവർ തന്നെ ഇപ്പോൾ അത് ചോദിക്കുന്നത് വിരോധാഭാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും(Dearness Relief) മുടങ്ങാതെ നൽകുമെന്ന് ബജറ്റിൽ വ്യക്തമാക്കിയതാണ്. ഒരു ഗഡു പോലും ഇനി കുടിശ്ശിക വരുത്തില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം 25 വർഷം പിന്നിലാണെന്നും, സംസ്ഥാനത്തെ 25 വർഷം മുന്നിലേക്ക് എത്തിക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഒരു പൊതുമേഖലാ സ്ഥാപനവും വിറ്റഴിക്കുമെന്ന് ബജറ്റിൽ പറഞ്ഞിട്ടില്ലെന്നും, തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക തീർക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിൽ വ്യക്തമായ പരാമർശങ്ങൾ ഇല്ലെന്ന് ആരോപിച്ച് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം.കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ നിക്ഷേപങ്ങൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും, കടബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഴിഞ്ഞം പദ്ധതിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, നിക്ഷേപങ്ങളെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു.തൊഴിലില്ലായ്മ പരിഹരിക്കാനും എൻജിനീയറിങ് ബിരുദധാരികൾക്ക് ഉൾപ്പെടെ ജോലി നൽകാനും പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമായാൽ പോരാ. കേരളത്തിൽ നിക്ഷേപം വരണമെന്നും, മറ്റ് സംസ്ഥാനങ്ങളുമായി മത്സരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ എവിടെയാണ് സ്വകാര്യവൽക്കരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ അദ്ദേഹം വെല്ലുവിളിച്ചു. വാട്ടർ അതോറിറ്റിയോ കെഎസ്ആർടിസിയോ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ബജറ്റിലെ പ്രഖ്യാപനങ്ങൾ കൃത്യമായി നടപ്പാക്കാൻ പ്രത്യേക മെക്കാനിസം രൂപീകരിക്കും. പദ്ധതികൾ നീളുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. അതിനാൽ മൂന്ന് മാസം കൂടുമ്പോൾ പ്രോജക്ട് ഓഡിറ്റ് നടത്തും. ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കൃത്യമായ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്ന പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടക്കുന്നില്ലെന്നും കരാർ അടിസ്ഥാനത്തിലാണ് പലരും ജോലി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾ സംസ്ഥാനം വിട്ടുപോകുന്നത് തടയാൻ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തെ 25 വർഷം പിന്നിലേക്ക് കൊണ്ടുപോകാനല്ല, മറിച്ച് 25 വർഷം മുന്നിലേക്ക് നയിക്കാനാണ് തങ്ങൾ അധികാരത്തിൽ വന്നതെന്നും, നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു