"ചിരി കണ്ടാല്‍ വീണുപോകും, ഉള്ളില്‍ ചെകുത്താന്‍,ആരും വിശ്വസിക്കരുത്" ; മുഖ്യമന്ത്രിക്കെതിരെ എം.എം. മണി

"ചിരി കണ്ടാല്‍ വീണുപോകും, ഉള്ളില്‍ ചെകുത്താന്‍,ആരും വിശ്വസിക്കരുത്"  ; മുഖ്യമന്ത്രിക്കെതിരെ  എം.എം. മണി

ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അധിക്ഷേപകരമായ പരാമർശവുമായി സിപിഐഎം നേതാവ് എം.എം. മണി രംഗത്ത്. മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത് . ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും, പുറമെ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ ബുദ്ധിയാണെന്നുമാണ് എം.എം. മണി ആരോപിച്ചത്.

ക്ഷേമപ്രവർത്തനങ്ങൾ, പാർപ്പിട പദ്ധതികൾ, പെൻഷൻ തുടങ്ങിയ മുൻ എൽഡിഎഫ് സർക്കാരുകൾ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെ തകർക്കാൻ വി.ഡി. സതീശന്റെ സർക്കാർ ശ്രമിക്കുന്നുവെന്ന് മണി കുറ്റപ്പെടുത്തി. സൗജന്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചാണ് അധികാരത്തിൽ എത്തിയതെങ്കിലും, ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നന്നായി ചിരിക്കാൻ അറിയാവുന്നതുകൊണ്ട് ആരെയും വീഴ്ത്താൻ അദ്ദേഹത്തിന് സാധിക്കുമെന്നും, എന്നാൽ അദ്ദേഹം ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും എം.എം. മണി പരിഹസിച്ചു. സതീശൻ്റെ  ചിരി കണ്ട് ആരും വീണുപോകരുതെന്നും, അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾ തിരിച്ചറിയണമെന്നും മണി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സർക്കാർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.