പാവകളി കലാകാരി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

കോട്ടയം: പത്മശ്രീ പുരസ്കാര ജേതാവും അന്യo നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കൽ പങ്കജാക്ഷി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ്. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യ പാവകളിക്ക് ലോകമെമ്പാടും അംഗീകാരം നേടിക്കൊടുക്കുന്നതിൽ പങ്കജാക്ഷി അമ്മ വഹിച്ച പങ്ക് വലുതാണ്. 2020ലാണ് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. 11ാം വയസ് മുതൽ കലാരംഗത്ത് സജീവമായ ഇവർ തന്റെ മാതാപിതാക്കളിൽ നിന്നാണ് ഈ കലാരൂപം അഭ്യസിച്ചത്.
കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പങ്കജാക്ഷി അമ്മയുടെ കലാരൂപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്. ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തന്റെ കലാവൈഭവം അവതരിപ്പിച്ച് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുക്കാൻ മൂഴിക്കൽ പങ്കജാക്ഷിക്ക് സാധിച്ചു.
പണ്ട് കാലത്ത് ഓണനാളുകളില്‍ തറവാടുകളുടെ മുറ്റത്ത് അരങ്ങേറിയിരുന്ന കലാരൂപമാണിത്. പാട്ടിനൊപ്പം മേല്ചുണ്ടില് ഉറപ്പിച്ച കോലിന് മുകളില്‍ പാവകളെ ഉറപ്പിച്ച് ചരട് വലിച്ച് കഥാമുഹൂര്‍ത്തങ്ങള്‍ക്ക് ചേരുംവിധം ചലിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.
ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ പങ്കജാക്ഷിയെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെ പാവകളി അവതരിപ്പിക്കാനും പ്രയാസമായി. ഇതോടെ മുത്തശ്ശിയുടെ പാരമ്പര്യം തുടരാന്‍ കൊച്ചുമകള്‍ കെഎസ് രഞ്ജിനി തീരുമാനിച്ചു. ഇപ്പോള്‍ രഞ്ജിനിയാണ് ഇത് അവതരിപ്പിക്കുന്നത്. പുതിയ ആളുകള്‍ ഇത് പഠിക്കാന്‍ താത്പര്യം കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ കല അന്യം നിന്നുപോകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.