ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:  സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം:  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ച കേസിൽ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി . കേട്ടുകേൾവിയില്ലാത്ത അതീവ ഗൗരവമേറിയ സംഭവമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പ്രതികളായ കിരൺ, ഷഫീഖ്, വൈശാഖ് എന്നിവരുടെ അപേക്ഷകൾ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഈ കേസിൽ നേരത്തെ മറ്റ് 6 പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

കേസ് പരിഗണിക്കവെ, പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇത് രാജ്യത്ത് തന്നെ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കേസാണ് മുൻപ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത്. പ്രതികൾ പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമം നടക്കുമ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നു. കൃത്യമായ അക്രമണ ദൃശ്യങ്ങൾ  അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടെന്നും, കേന്ദ്ര ഏജൻസികളടക്കം ഈ കേസിൽ നിലവിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

കേസിലെ സുപ്രധാന നീക്കങ്ങളുടെ ഭാഗമായി 1 മുതൽ 25 വരെയുള്ള പ്രതികളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ അക്രമം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പടക്കം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനാണ് (SIT) കേസിന്റെ ചുമതല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും, വൈകാതെ തന്നെ കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിക്കാനുള്ള അന്തിമ നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ മെയ് 27-നാണ് സി.എം.ആർ.എൽ – എക്‌സാലോജിക് വിവാദ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി സംഘം നാടകീയമായി റെയ്ഡ് നടത്തിയത്. കേസിൽ മുഖ്യ പ്രതിയായ ടി. വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് വൻതോതിൽ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. വൈകുന്നേരത്തോടെ റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രവർത്തകർ തിരിയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.