കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ കൂട്ടയടി , ജയിൽ ജീവനക്കാർക്കും കിട്ടി : 11പേർക്ക് പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ കനത്ത സംഘർഷം. സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ മേഖലയായ ഒന്നാം ബ്ലോക്കിലാണ് നാടകീയ സംഭവങ്ങളും ഏറ്റുമുട്ടലും ഉണ്ടായത്. മലപ്പുറം സ്വദേശിയായ ജലാലുദ്ധീൻ എന്ന തടവുകാരൻ സെല്ലിനുള്ളിൽ വെച്ച് ബ്ലേഡ് കൊണ്ട് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘർഷത്തിൽ ജയിൽ ജീവനക്കാരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു.
ജയിലിനുള്ളിലെ ചില തടവുകാർ തമ്മിൽ ഇന്നലെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം സ്വദേശി ജലാലുദീൻ സെല്ലിനുള്ളിൽ വെച്ച് ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മാരകമായി മുറിവ് ഉണ്ടാക്കിയത്. വിവരം അറിഞ്ഞ് സ്ഥിതിഗതികൾ ശാന്തമാക്കാനും ജലാലുദീന് പ്രഥമശുശ്രൂഷ നൽകാനുമായി ജയിൽ ഉദ്യോഗസ്ഥർ ഒന്നാം ബ്ലോക്കിലേക്ക് കുതിച്ചെത്തിയിരുന്നു. എന്നാൽ ഈ സമയത്ത് ജയിലിൽ കഴിഞ്ഞിരുന്ന കാപ്പ കേസ് പ്രതികളായ മറ്റ് തടവുകാർ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
വാർഡൻമാരെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ കൂട്ടം ചേർന്ന് മർദ്ദിച്ചു . ഉദ്യോഗസ്ഥർ തിരിച്ച് പ്രതിരോധിച്ചതോടെയാണ് ജയിൽ ബ്ലോക്ക് യുദ്ധക്കളമായി മാറിയത്. ആക്രമണത്തിൽ പരിക്കേറ്റ 11 പേരെയും ഉടൻ തന്നെ ജയിൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആരുടേയും പരിക്ക് അതീവ ഗുരുതരമുള്ളതല്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ജയിലിനുള്ളിൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ജയിൽ ജീവനക്കാരെ ആക്രമിച്ചതിനും പ്രതികൾക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജയിൽ വകുപ്പ് ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു.