ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്നവരിൽ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി ഒരു മലയാളി
അബുദാബി: ഇന്നലെ പ്രവർത്തനം ആരംഭിച്ച യു.എ.ഇ.യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയെ നയിക്കുന്നവരിൽ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടവുമായി ആലപ്പുഴ സ്വദേശി നിഷാദ് . ഇത്തിഹാദ് റെയിലിലെ ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരാണ് ഈ 29-കാരൻ. ഇത്തിഹാദ് യാത്രാ ട്രെയിനുകളുടെ പൈലറ്റ് ക്യാബിൻ്റെ നിയന്ത്രണച്ചുമതല ഏറ്റെടുക്കുന്നതിലേക്കുള്ള നിഷാദിൻ്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. 2014-ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇ.യിലെത്തിയത്. ഒരു സ്ഥാപനത്തിൽ കാഷ്യറായിട്ടാണ് പ്രവാസ ജീവിതം ആരംഭിച്ചത്.

പിന്നീട് പെർഫ്യൂമുകൾ വിറ്റും ഹോട്ട്ഡോഗ് സാൻഡ്വിച്ചുകൾ തയ്യാറാക്കിയും ഹോം ഡെലിവറി സേവനങ്ങൾ നൽകിയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയി. മാതാപിതാക്കളായ നൗഷാദും ഷീബയും ഉറച്ച പിന്തുണയും നൽകി.തീരെ ചെറുതെന്നു തോന്നുന്ന ഈ ജോലികളാണ് തന്നിൽ അച്ചടക്കം, ക്ഷമ, വിനയം, ലക്ഷ്യബോധം എന്നിവ സൃഷ്ടിച്ചതെന്ന് നിഷാദ് പറയുന്നു. 2017-ൽ മോണോ റെയിലിലൂടെയാണ് റെയിൽ ഗതാഗത രംഗത്തേക്ക് പ്രവേശിച്ചത്. ജീവിതം ഒരു കരക്കെത്തിയെന്ന് സമാധാനിച്ചിരുന്നപ്പോഴേക്കും അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോയി.
ദുബായ് ട്രാമിന്റെയും മെട്രോയുടെയും പ്രവർത്തനങ്ങളിൽ നിന്ന് റെയിൽ മേഖലയ്ക്ക് അനുയോജ്യമായി കഴിവുകൾ വികസിപ്പിച്ചു. പ്രവർത്തന മികവിലൂടെ കീ ഇൻസ്ട്രക്ടർ ആൻഡ് അസസർ പദവികളിലൂടെ തൊഴിലിലെ ഉത്തരവാദിത്വം വർധിച്ചു. അത് തൊഴിൽ ജീവിതത്തിലെ നിർണായക നാഴികക്കല്ലായി മാറി. അതിനു ശേഷം 2023-ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് ടീം ലീഡറായി ചേരുകയും അധികം വൈകാതെ സ്ഥാനക്കയറ്റം ലഭിച്ച് സീനിയർ ടീം ലീഡറാവുകയുംചെയ്തു.
2020-ൽ ഇത്തിഹാദ് റെയിലിലേക്കുള്ളട്രെയിൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും ഇ-മെയിൽ വിലാസത്തിലെ പിഴവു കാരണം വഴിമുട്ടി. പരാജയപ്പെട്ടു പിന്മാറാൻ തയ്യാറല്ലാത്തതിനാൽ വീണ്ടും അപേക്ഷിച്ചു. 2022-ഓടെ പരീക്ഷകളും അഭിമുഖങ്ങളുമെല്ലാം വിജയകരമായി പൂർത്തിയാക്കി.2024-ൽ ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ പദവി സ്വന്തമാക്കി. കഴിഞ്ഞ വർഷം ട്രെയിൻ ഓപ്പറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടർ, അസസർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു .
ഹിബ ഗഫൂറാണ് നിഷാദിൻ്റെ ഭാര്യ. മകൻ: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിൻഷാദാണ് സഹോദരൻ. സഹോദരി: നസ്ലി.
ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ട്രെയിനുകൾ ചൂളം വിളിച്ചു പായുമ്പോൾ അതിനെ നയിക്കുന്ന ഒരാളായി ഇനി നിഷാദെന്ന മലയാളിയും ഉണ്ടാകും.
https://www.worldm.news/global/uaes-first-passenger-train--31896

