ഭാരത് ഭാരതി കുടുംബ സംഗമം പൻവലിൽ നടന്നു

മുംബൈ: രാഷ്ട്രീയ സ്വയം സേവക് സംഘത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  ഭാരത് ഭാരതി മലയാളി വിഭാഗം പൻവലിൽ കുടുംബ സംഗമവും ഈ അദ്ധ്യയനവർഷത്തെ ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും നടത്തി. ന്യൂ പൻവൽ സെക്ടർ 6 ൽ വസുദേവ് ബൽവന്ത് ഫട്കെ വിദ്യാലയ ആഡിറ്റോറിയത്തിൽ വെച്ച് ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.


 ബാലഗോകുലം  ക്ലാസുകളുടെ ഉദ്ഘാടനം എ.ബി.വി.പി സംസ്ഥാന ഉപാദ്ധ്യക്ഷനും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റംഗവുമായ അരുൺ മോഹൻ നിർവഹിച്ചു. ബാലഗോകുലത്തിൻ്റെ മുംബൈയിലെ കാര്യകർത്താക്കൾ നേതൃത്വം നൽകിയ ക്ലാസ്സും നവി മുംബൈയിലെ ബാലഗോകുലാംഗങ്ങൾ നടത്തിയ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. ഹരീഷ് നായർ, വിജയകുമാർ, ഗീതാ നമ്പ്യാർ, അജിതാ ഉണ്ണികൃഷ്ണൻ, ദിവ്യാ മണികണ്ഠൻ, മിനി പ്രദീപ്, സജീഷ് സോമൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


വൈകുന്നേരം  നടന്ന ഭാരത് ഭാരതി കുടുംബ സംഗമത്തിൽ പൻവൽ താലൂക്കിൽ നിന്ന് നൂറു കണക്കിന് കുടുംബാംഗങ്ങൾ സംബന്ധിച്ചു. സാംസ്കാരിക സമ്മേളനം ഭാരത് ഭാരതി പ്രമുഖ് എ. ആർ. ഗോകുൽ ദാസിൻ്റെ അദ്ധ്യക്ഷതയിൽ  സ്വാമി അവ്യയാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം, നെരൂൾ) ഉദ്ഘാടനം ചെയ്തു. ശ്രീ. അരുൺ  മോഹൻ മുഖ്യപ്രഭാഷണവുംആർ.എസ്. എസ് കൊളാബ ജില്ലാ കാര്യവാഹ് ശ്രീരംഗ്ജി കാണെ , ഡോ: ഗീതാ നമ്പ്യാർ, രാജേഷ് മേനോൻ, ജി.വിജയകുമാർ എന്നിവർ ആശംസാ ഭാഷണങ്ങളും നടത്തി. പി. എം. ശ്രീജിത് കുമാർ നന്ദി പ്രകാശിപ്പിച്ചു.

കുടുംബ സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, സംഗീത പരിപാടികൾ എന്നിവയും അരങ്ങേറി. ശ്രീമതി സുനിതാ രാജേഷ് മേനോൻ, എം. രാമചന്ദ്രൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.പൻവൽ താലൂക്കിലെ വിവിധ ആദ്ധ്യാത്മിക സാമുദായിക സംഘടനാ പ്രതിനിധികളെയും അതിഥികളെയും നൃത്ത കലാദ്ധ്യാപികമാരെയും പുസ്തകങ്ങൾ നൽകി ആദരിച്ചു.