SARFAESI ആക്ടും ബാങ്ക് വായ്പകളും: ഫെയ്മ മഹാരാഷ്ട്ര, നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

SARFAESI ആക്ടും ബാങ്ക് വായ്പകളും: ഫെയ്മ മഹാരാഷ്ട്ര, നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മുംബൈ സോൺ 'SARFAESI ആക്ട്, ബാങ്ക് വായ്പകൾ, ഹോംബയേഴ്സിന്റെ അവകാശങ്ങൾ' എന്ന വിഷയത്തിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പ്രതിമാസ ഓൺലൈൻ  സെമിനാർ  ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയും വിജ്ഞാനപ്രദമായ ചർച്ചകളോടെയും നടന്നു. സെമിനാറിൽ ബോംബെ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും ബാങ്കിംഗ് നിയമവിദഗ്ധനുമായ അഡ്വ. അജയ് കുമാർ എ.വി. മുഖ്യപ്രഭാഷണം നടത്തി.ഗീത ദാമോദരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ രഞ്ജിനി നായർ മോഡറേറ്ററായിരുന്നു.

ബാങ്കിംഗ് നിയമരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അഡ്വ. അജയ് കുമാർ, SARFAESI ആക്ടിന്റെ പ്രായോഗിക വശങ്ങൾ, ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഉപഭോക്തൃ അവകാശങ്ങൾ, ഹോംബയേഴ്സിന് ലഭ്യമായ നിയമപരമായ സംരക്ഷണങ്ങൾ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ വിശദീകരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഉദാഹരണസഹിതം നൽകിയ മറുപടികൾ സെഷനെ കൂടുതൽ സജീവവും പ്രയോജനപ്രദവുമാക്കി.

സെമിനാറിൽ SARFAESI ആക്ട്, NPA (Non-Performing Asset), ലോൺ ഡിഫോൾട്ട് സംഭവിക്കുമ്പോൾ ബാങ്കുകൾ സ്വീകരിക്കുന്ന നിയമനടപടികൾ, ബാങ്ക് നോട്ടീസുകൾക്ക് നിയമപരമായി എങ്ങനെ പ്രതികരിക്കണം, വായ്പാ രേഖകളുടെ പ്രാധാന്യം, ലോൺ ലഭ്യമായ തീയതി, പലിശ കണക്കാക്കുന്ന രീതികൾ, കൂട്ടുപലിശയുടെ പ്രായോഗിക വശങ്ങൾ, ബാങ്കുകളുടെ റിക്കവറി നടപടിക്രമങ്ങൾ, ഒറ്റത്തവണ ഒത്തുതീർപ്പ് (One Time Settlement (OTS) പദ്ധതിയുടെ സാധ്യതകൾ, സെക്യൂരിറ്റി നൽകിയ വായ്പകളിലെ ബാങ്കുകളുടെ അവകാശങ്ങൾ, സഹകരണ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും പിന്തുടരുന്ന നടപടിക്രമങ്ങളിലെ വ്യത്യാസങ്ങൾ, Fair Practice Code, ഉപഭോക്തൃ അവകാശങ്ങൾ, 2024-ലെ RBI മാർഗനിർദേശങ്ങൾ, ഹോം ലോൺ, വിദ്യാഭ്യാസ വായ്പ, ഹോംബയേഴ്സിന്റെ അവകാശങ്ങൾ, വനിതകളും കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക-നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ബാങ്കുമായി തുറന്ന ആശയവിനിമയം നിലനിർത്തേണ്ടതിൻ്റെ  ആവശ്യകതയും, നിയമപരമായ അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി വായ്പാ തിരിച്ചടവ് ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യവും അഡ്വ. അജയ് കുമാർ പ്രത്യേകം ഊന്നിപ്പറഞ്ഞു.

നിയമപരമായ അറിവ് പകർന്നുനൽകുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം, ഉത്തരവാദിത്വബോധം, ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ശക്തിപ്പെടുത്താൻ ഈ സെമിനാറിന് കഴിഞ്ഞതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിയമബോധവും സാമ്പത്തിക സാക്ഷരതയും വർധിപ്പിക്കുന്നതിന് ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

"അറിവിലൂടെ ശക്തീകരണം – അവകാശങ്ങളിലൂടെ ആത്മവിശ്വാസം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംഘടിപ്പിച്ച ഈ സെമിനാർ വിജ്ഞാനപ്രദവും പ്രചോദനാത്മകവും ദൈനംദിന ജീവിതത്തിന് ഏറെ ഉപകാരപ്രദവുമായ വേദിയായി മാറിയെന്ന് സംഘാടകർ പറഞ്ഞു.ഫെയ്മ മഹാരാഷ്ട്ര വനിതാവേദി നന്ദി പറഞ്ഞു.

അടുത്ത പ്രതിമാസ ബോധവൽക്കരണ സെമിനാർ ഫെയ്മ മഹാരാഷ്‌ട്ര വനിതാ വേദി അമരാവതി സോണിൻ്റെ  നേതൃത്വത്തിൽ ജൂലൈ മാസത്തിൽ  സംഘടിപ്പിക്കും എന്ന് ഫെയ്മ മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് അനൂ ബി. നായർ, ജോയിൻ്റ് സെക്രട്ടറി സുമി ജൻട്രി എന്നിവർ അറിയിച്ചു.ഫെയ്മ മഹാരാഷ്‌ട്ര വനിതാവേദി നടത്തുന്ന ഓരോ  സെമിനാറിലും എല്ലാവരും സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് വിനീത പിള്ള (ചെയർപേഴ്സൺ), ബോബി സുലക്ഷണ (കൺവീനർ) എന്നിവർ അറിയിച്ചു