ഫെയ്മ സെമിനാർ: "അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ": ഡോ. എസ്. ഗിരിജ

ഫെയ്മ സെമിനാർ: "അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ": ഡോ. എസ്. ഗിരിജ

മുംബൈ: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പ്രമുഖ ശിശു വികസന വിദഗ്ധ ഡോ. എസ്. ഗിരിജ . ഫെയ്മ (FAIMA) മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 'ദൈനംദിന ജീവിതത്തിലെ അഭിനന്ദനത്തിന്റെ പ്രാധാന്യം'( Importance of Appreciation in Day-to-Day Life' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കൊച്ചി അമൃത ഹോസ്പിറ്റലിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ വിദഗ്ധയാണ് ഡോ. ഗിരിജ.

കുടുംബജീവിതത്തിലും ജോലിസ്ഥലത്തും പൊതുസമൂഹത്തിലും മറ്റുള്ളവരെ അഭിനന്ദിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും കാണിക്കുന്ന ചെറിയ മനോഭാവങ്ങൾ പോലും വലിയ നല്ല മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അവർ ലളിതമായ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. ട്രാൻസാക്ഷണൽ അനാലിസിസിലെ (Transactional Analysis) 'സ്ട്രോക്ക്' (Stroke) എന്ന ആശയത്തിലൂന്നിയാണ് പ്രഭാഷണം നടന്നത്. ഓരോ മനുഷ്യന്റെയും നിലനിൽപ്പിനും മാനസിക വളർച്ചയ്ക്കും ഇത്തരം 'സ്ട്രോക്കുകൾ' അഥവാ ശ്രദ്ധയും പ്രശംസയും അനിവാര്യമാണെന്നും, ഇവയുടെ അഭാവം വ്യക്തികളിൽ പ്രതികൂല സ്വഭാവരീതികൾക്കും ശ്രദ്ധ നേടാനുള്ള തെറ്റായ ശ്രമങ്ങൾക്കും കാരണമാകുമെന്നും ഡോ. ഗിരിജ ചൂണ്ടിക്കാട്ടി.

വാക്കുകളാലുള്ളതും അല്ലാത്തതുമായ പോസിറ്റീവ് സ്ട്രോക്കുകൾ വ്യക്തിത്വത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, ലഭിക്കുന്ന അംഗീകാരങ്ങളെ സ്വീകരിക്കുന്നതിലെ മനോനിലയും, "I'm OK – You're OK" എന്ന ആരോഗ്യകരമായ ജീവിതനിലപാട് വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും അവർ വിശദീകരിച്ചു. നല്ല പ്രശംസകൾ മനസ്സിൽ (Stroke Bank) ശേഖരിച്ചുവെക്കുന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നും ഡോ. ഗിരിജ ഓർമ്മിപ്പിച്ചു. തുടർന്ന് നടന്ന സജീവമായ സംവാദവേളയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് അവർ പ്രായോഗികമായ മറുപടികൾ നൽകി.

ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ചെയർപേഴ്സൺ  വിനീത പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിത ബാബു തോമസ് സ്വാഗതം ആശംസിച്ചു. വിജയലക്ഷ്മി നായർ പരിപാടിയുടെ അവതരണം  നിർവഹിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിന് അഡ്വ. തുഷാരി പിള്ള നന്ദി രേഖപ്പെടുത്തി.സംസ്ഥാന ജോയിൻ സെക്രട്ടറി രാജീവ് പണിക്കർ, അമരാവതി സോൺ പ്രതിനിധി ബിജി ഷാജി,കൺവീനർ ബോബി സുലക്ഷണ ഉൾപ്പെടെയുള്ള ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.