"ഏതൊരു സാമ്പത്തിക സ്ഥാപനത്തിൻ്റേയും നിലനിൽപ്പും വളർച്ചയും നിക്ഷേപകൻ്റെ വിശ്വാസ്യതയിൽ അധിഷ്ടിതം ": എം. ഐ.ദാമോദരൻ

മുംബൈ: സാധാരണക്കാരുടേയും ചെറുകിട കച്ചവടക്കാരുടേയും സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച ശ്രീ നാരായണ ഗുരു സഹകരണ ബാങ്ക് ആ ലക്ഷ്യം നിറവേറ്റുന്നതിൽ വിജയിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് ശ്രീ നാരായണ മന്ദിര സമിതി -മുംബൈ പ്രസിഡൻ്റ് എം. ഐ.ദാമോദരൻ . ഏതൊരു സാമ്പത്തിക സ്ഥാപനത്തിൻ്റേയും നിലനിൽപ്പും വളർച്ചയും നിക്ഷേപകൻ്റെ വിശ്വാസ്യതയിൽ അധിഷ്ടിതമാണെന്നും ഈ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ നാം ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ചെമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു സഹകരണ ബാങ്കിൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപം ആയിരം കോടിയിലെത്തിക്കുക, ഷെഡ്യൂൾഡ് ബാങ്ക് പദവിയിലേക്ക് ബാങ്കിനെ ഉയർത്തുക, ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുക, കൂടുതൽ ശാഖകൾ തുറക്കുക തുടങ്ങിയവയാണ് രജത ജൂബിലി ആഘോഷ വർഷത്തിലെ പ്രധാന ലക്ഷ്യങ്ങളെന്ന് ബാങ്കിൻ്റെ ചെയർമാൻ പി.ബി. രാജ്മോഹൻ പറഞ്ഞു.
കുർള കോഹിന്നൂർ എലൈറ്റിൽ നടന്ന ചടങ്ങിൽ ബാങ്കിൻ്റെ സ്ഥാപകരായ ഡോ. കെ. കെ. ദാമോദരൻ, ടി.കെ ബാബുരാജ്, എ.കെ. വാസുദേവൻ എന്നിവർ ബാങ്കിൻ്റെ വളർച്ചയ്ക്ക് നൽകിയ സേവനത്തെ അനുസ്‌മരിച്ചു.
2002 ൽ ചെമ്പൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ശ്രീനാരായണ ഗുരു സഹകരണ ബാങ്കിന് ഇപ്പോൾ 6 ശാഖകളാണുളളത്. ഓഹരിയുടമകളുടെ എണ്ണം നാലായിരത്തി എണ്ണൂറിലധികമായി വർദ്ധിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്.പത്തു വർഷത്തെ സേവനം പൂർത്തിയാക്കി ഭരണസമിതിയിൽ നിന്നും ഒഴിവായ ചെയർമാൻ പി.ബി. രാജ്മോഹൻ , ഡയറക്ടർ കെ.കെ. സുസ്മേരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബാങ്കിൻ്റെ ഡയറക്ടർമാർ, ജീവനക്കാർ, ഓഹരിയുടമകൾ, ഉപഭോക്താക്കൾ തുടങ്ങി നിരവധി പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.