വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മുംബൈയിൽ ഓടുന്ന ട്രെയിനില്‍ യുവാവിനെ കുത്തി കൊന്നു

മുംബൈ: ലോക്കല്‍ ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി കൊന്നു. കനത്ത മഴ പെയ്‌തപ്പോൾ വാതിൽ അടക്കണം എന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൊലപാതകം. മായങ്ക് ലോഹര്‍ (21) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ റോഷൻ സുവർണയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചര്‍ച്ച്‌ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെൻ്റിലാണ് സംഭവം. വഴക്ക് രൂക്ഷമായതോടെ റോഷന്‍ ബാഗില്‍ നിന്ന് കത്തിയെടുത്ത് മായങ്കിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റ് യാത്രക്കാർ നോക്കി നിൽക്കയാണ് ഇരയെ കുത്തിയത്. സംഭവത്തിൻ്റെ വിഡീയോ ഇതിനോടകം സമൂഹമാധ്യമത്തിൽ വൈറലാണ്.
ആക്രമണം നടത്തിയശേഷം കത്തിയുമായി പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നാലെ കുത്തേറ്റ് ഗുരുതമായി പരുക്കേറ്റ മായങ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് റെയില്‍വെ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പൊലീസ് കേസെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് ബോറിവാലി റെയിൽവേ പൊലീസിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ദത്ത ഖുപ്രേക്കർ പറഞ്ഞു. പോസ്‌റ്റ്മോർട്ടവും മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
പ്രതികരണവുമായി ഇരയുടെ അമ്മ
മകൻ്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് മായങ്ക് ലോഹറുടെ കുടുംബവും നാടും. തൻ്റെ മകന് നീതി ലഭിക്കണമെന്നും അതിനായി ഏത് അറ്റം വരേയും പോകുമെന്നും ഇരയുടെ അമ്മ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കൂടാതെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ഇരയുടെ സഹോദരി ആവശ്യപ്പെട്ടു. ഇത്തരം അപകടം നടക്കുമ്പോൾ ആരും തൻ്റെ സഹോദരനെ രക്ഷിക്കാൻ വന്നില്ലെന്നും സഹോദരി ആരോപിച്ചു. എന്റെ സഹോദരൻ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല, ആരുമായും വഴക്കുണ്ടാക്കിയിട്ടുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലും സമാന സംഭവം
ഒറ്റപ്പാലം വാണിയംകുളം സ്വദേശിയെ ട്രെയിനിൽ മദ്യലഹരിയിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് പൂങ്കാവൂർ വടക്കേത്തെരുവിൽ വീരമണി(54)യാണ് പാലക്കാട് നിന്ന് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. എറണാകുളത്തു നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്ന വാണിയംകുളം മാനന്നൂർ മണ്ണാൻപറമ്പിൽ ജിഷ്‌ണുവിനെ (25)യാണ് ഇയാൾ ഗുരുതരമായ പരിക്കേൽപ്പിച്ചത്.