ജനങ്ങളിലേക്കിറങ്ങിചേർന്ന ജീവിതം: രാഹുല് ഗാന്ധിക്ക് ഇന്ന് 56ാം ജന്മദിനം

മുംബൈ : ആഡംബരജീവിതവും വലിയ പദവികളും എളുപ്പത്തിൽ സ്വന്തമാക്കാമായിരുന്നിട്ടും, കോർപ്പറേറ്റ് ലോകത്തിൻ്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യത്തിൻ്റെ വേരുകൾ അറുത്തുമാറ്റാതെ, ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഊഷരമായപാതയിലേക്ക് ഇറങ്ങിത്തിരിച്ച രാഹുൽ ഗാന്ധിക്ക് ഇന്ന് 56-ാം ജന്മദിനം .
1970 ജൂൺ 19-ന് ഇന്ത്യയിലെ പ്രമുഖ നെഹ്റു-ഗാന്ധി കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻ്റെ പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലെ സെൻ്റ് കൊളംബാസ് സ്കൂളിലായിരുന്നു.ഉത്തരാഖണ്ഡിലെ ഡൂൺ സ്കൂളിൽ തുടർ പഠനം. 1984-ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ കാരണം രാഹുലിനും സഹോദരി പ്രിയങ്കയ്ക്കും സ്കൂൾ പഠനം താത്ക്കാലികമായി നിർത്തേണ്ടി വന്നു. പിന്നീട് ഇരുവരും വീട്ടിലായിരുന്നു തുടർ വിദ്യാഭ്യാസം.
രാഹുൽ ഗാന്ധി എന്ന വ്യക്തിയുടെ പിന്നിട്ട വിദേശ ജീവിതത്തെയും രാഷ്ട്രീയത്തിലേക്കുള്ള നാടകീയമായ കടന്നുവരവിനെയും അധികമാർക്കും അറിയില്ല .
1989-ൽ ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. അവിടെ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലെ ഹാർവാർഡ് സർവകലാശാലയില തെരഞ്ഞെടുത്തു. 1991-ൽ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധിയെ യുഎസിലെ റോളണ്ട്സ് കോളജിലേക്ക് മാറ്റി. അവിടെ മറ്റൊരു പേരിൽ അദ്ദേഹം അറിയപ്പെട്ടു. 'രാഹുൽ വിൻസി' എന്ന വ്യാജപ്പേരിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്.
സുരക്ഷാ ഭീഷണികൾ കാരണം 1994-ൽ യു എസിലെ റോളണ്ട്സ് കോളജിൽ നിന്നാണ് അദ്ദേഹം ബിരുദം പൂർത്തിയാക്കിയത്. 1995-ൽ യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയ്ക്ക് കീഴിലുള്ള ട്രിനിറ്റി കോളജിൽ നിന്ന് എം.ഫിൽ ബിരുദം നേടി. പഠനത്തിന് ശേഷം ലണ്ടനിലെ 'മോണിറ്റർ ഗ്രൂപ്പ്' എന്ന മാനേജ്മെൻ്റ് കൺസൾട്ടിംഗ് സ്ഥാപനത്തിൽ മൂന്ന് വർഷം ജോലി ചെയ്തു. 2002-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം മുംബൈയിൽ 'ബാക്ക്ഓപ്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിലുള്ള ഒരു ടെക്നോളജി ഔട്ട്സോഴ്സിംഗ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായി പ്രവർത്തിച്ചു.
രാഷ്ട്രീയത്തിലേക്ക് ....
2004 മാർച്ചിൽ രാഷ്ട്രീയ രാഹുൽഗാന്ധി രാഷ്ട്രീയത്തിലേയ്ക്കിറങ്ങി. പിതാവ് രാജീവ് ഗാന്ധി മുൻപ് പ്രതിനിധീകരിച്ച ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2009ലും 2014ലും വിജയം ആവർത്തിച്ചു. 2017 ഡിസംബറിൽ കോൺഗ്രസിൻ്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു.2022 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ കന്യാകുമാരി മുതൽ കശ്മീർ വരെ 3,500-ലധികം കിലോമീറ്റർ കാൽനട യാത്ര നടത്തി. 2024 ജനുവരി മുതൽ മാർച്ച് വരെ മണിപ്പൂർ മുതൽ മുംബൈ വരെ യാത്ര നടത്തി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചു. തുടർന്ന് ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി ചുമതലയേറ്റു.രാഹുൽ ഗാന്ധി 2004-ൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതു മുതൽ പാർട്ടിയിലും പാർലമെന്റിലും നിരവധി പ്രധാന ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്
പാർലമെൻ്ററി പദവികൾ :
ലോക്സഭയിലെ പ്രതിപക്ഷ നേതാവ്: 2024 ജൂൺ മുതൽ അദ്ദേഹം ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കരിയറിലെ ആദ്യത്തെ ഭരണഘടനാ പദവിയാണിത്.
ലോക്സഭാംഗം: അദ്ദേഹം അഞ്ച് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
റായ്ബറേലി (ഉത്തർപ്രദേശ്): 2024 മുതൽ നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
വയനാട് (കേരളം): 2019 മുതൽ 2024 വരെ.
അമേഠി (ഉത്തർപ്രദേശ്): 2004 മുതൽ 2019 വരെ തുടർച്ചയായി മൂന്ന് തവണ.
കോൺഗ്രസ് പാർട്ടിയിലെ പദവികൾ
കോൺഗ്രസ് അധ്യക്ഷൻ: 2017 ഡിസംബർ മുതൽ 2019 ജൂലൈ വരെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പരമോന്നത നേതാവായിരുന്നു.
വൈസ് പ്രസിഡൻ്റ് : 2013 ജനുവരി മുതൽ 2017 ഡിസംബർ വരെ കോൺഗ്രസ് പാർട്ടിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു.
ജനറൽ സെക്രട്ടറി: 2007-ൽ കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായി നിയമിതനായി. ഇതോടൊപ്പം യൂത്ത് കോൺഗ്രസ് (IYC), നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) എന്നിവയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
രാജ്യത്തുടനീളം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയ 'ഭാരത് ജോഡോ യാത്ര' പോലുള്ള ജനസമ്പർക്ക പരിപാടികളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു ചലനം സൃഷ്ടിച്ച നേതാവായി മാറി. ലളിതമായ ജീവിതശൈലി കൊണ്ടും, സാധാരണക്കാരുടെ പ്രശ്നങ്ങളിലുള്ള സജീവമായ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ശക്തമായ ശബ്ദമായി മാറികൊണ്ടിരിക്കുന്നു.
ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. "ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു," മോദി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ യാത്രയെയും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെയും പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളും ഫോട്ടോകളും പങ്കിട്ടുകൊണ്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.സമകാലിക ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധികൾ, കുപ്രചാരണങ്ങൾ, ആസൂത്രിതമായ അപവാദ ആക്രമണങ്ങൾ എന്നിവ നേരിട്ട നേതാവാണ് രാഹുൽ ഗാന്ധിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിശേഷിപ്പിച്ചു. മന്ത്രി പി സി വിഷ്ണുനാഥും തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ജന്മദിനാശംസകൾ നേർന്നു."സത്യത്തിൻ്റെയും നീതിയുടെയും രാഷ്ട്രീയം ഉറച്ചുനിൽക്കുകയും ജനങ്ങളുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യുന്ന നേതാവായ രാഹുൽ ഗാന്ധിക്ക് ഹൃദയംഗമമായ ജന്മദിനാശംസകൾ," അദ്ദേഹം പറഞ്ഞു. "ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തുന്ന ആളെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു.