മാരുതി കാറുകൾ സ്വന്തമാക്കാൻ ‘സുഹാന സഫർ’ പദ്ധതിയുമായി എയു സ്മോൾ ഫിനാൻസ് ബാങ്ക്

എറണാകുളം : സാധാരണക്കാർക്ക് സ്വന്തമായി ഒരു കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി പ്രമുഖ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായി കൈകോർത്ത് എയു സ്മോൾ ഫിനാൻസ് ബാങ്ക് .ആദ്യമായി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ‘സുഹാന സഫർ’ എന്ന പേരിലുള്ള സവിശേഷമായ വാഹന വായ്പ പദ്ധതിക്കാണ് ഇരു കമ്പനികളും ചേർന്ന് കൊച്ചിയിൽ തുടക്കം കുറിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു റെക്കറിംഗ് ഡിപ്പോസിറ്റ് (RD) അധിഷ്ഠിത ഓട്ടോ ലോൺ സ്കീം ഇത്തരത്തിൽ അവതരിപ്പിക്കപ്പെടുന്നത്. മാരുതിയുടെ പ്രമുഖ എൻട്രി ലെവൽ മോഡലുകളായ ആൾട്ടോ കെ10 , എസ്-പ്രെസ്സോ , സെലേറിയോ,വാഗൺആർ എന്നീ മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.
ആദ്യമായി ഒരു കാർ വാങ്ങാൻ ഒരുങ്ങുമ്പോൾ ഇടത്തരക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളായ ഡൗൺ പേയ്മെന്റിനായുള്ള വലിയ തുക ഒരുമിച്ച് കണ്ടെത്തുക, ഒപ്പം ഭാവിയിലെ പ്രതിമാസ ഇഎംഐ (EMI) അടയ്ക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ മുൻകൂട്ടി ശീലിക്കുക എന്നിവ ലളിതമാക്കുകയാണ് ഈ നൂതന പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ സ്കീം പ്രകാരം, ഉപഭോക്താക്കൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മാരുതി കാറിന്റെ പ്രതിമാസ ഇഎംഐക്ക് തുല്യമായ തുക 3 മുതൽ 6 മാസത്തെ താൽക്കാലിക കാലാവധിയിലേക്ക് എയു ബാങ്കിൽ ഒരു റെക്കറിംഗ് ഡിപ്പോസിറ്റായി നിക്ഷേപിച്ചു തുടങ്ങണം. ഈ നിക്ഷേപ കാലയളവിൽ ആർഡി തുകയ്ക്ക് ബാങ്കിന്റെ നിലവിലുള്ള മികച്ച പലിശ നിരക്ക് ഉപഭോക്താവിന് ലഭിക്കും. നിശ്ചിത കാലാവധി പൂർത്തിയാകുമ്പോൾ, അതുവരെ ആർഡിയിലൂടെ സമാഹരിച്ച തുകയും അതിന്റെ പലിശയും ചേർത്തുള്ള സമ്പാദ്യം കാറിന്റെ ഡൗൺ പേയ്മെന്റായി ബാങ്ക് നേരിട്ട് കണക്കാക്കും. ബാക്കി തുക കൃത്യമായ വാഹന വായ്പയായി ബാങ്ക് അനുവദിക്കുകയും ചെയ്യും. ഇതിലൂടെ കാർ കൈപ്പറ്റുന്നതിന് മുൻപ് തന്നെ തങ്ങളുടെ പ്രതിമാസ തിരിച്ചടവ് ശേഷി കൃത്യമായി മനസ്സിലാക്കാനും മികച്ച സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
എയു സ്മോൾ ഫിനാൻസ് ബാങ്ക് നിലവിൽ തങ്ങളുടെ ആർഡി നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് പ്രതിവർഷം 4.75 ശതമാനം മുതൽ 7.40 ശതമാനം വരെയാണ് പലിശ നൽകുന്നത്. അതേസമയം മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം മുതൽ 7.90 ശതമാനം വരെയുള്ള ഉയർന്ന പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൗൺ പേയ്മെന്റ് ഭാരം ഇല്ലാതെ മാരുതിയുടെ ജനപ്രിയ മോഡലുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ദക്ഷിണേന്ത്യയിലെ കാർ പ്രേമികൾക്ക് ഈ പുതിയ ബാങ്കിംഗ് പങ്കാളിത്തം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.