ഗുജറാത്തിൽ റോഡിലെ കുഴിയിൽ വീണ ദമ്പതികൾക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ് : ഗുജറാത്തിലെ ജുനഗഡിൽ മഴവെള്ളം നിറഞ്ഞ കൂറ്റൻ കുഴിയിൽ ബൈക്ക് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്. മഴയത്ത് റോഡിലെ കുഴി ശ്രദ്ധയിൽപ്പെടാതെ പോയതാണ് അപകടത്തിന് കാരണം. ബൈക്ക് ഓടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നത് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റോഡ് സുരക്ഷയുടെ കാര്യത്തിലുള്ള അധികൃതരുടെ വീഴ്ചയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.അപകടം നടന്ന ഉടൻ തന്നെ അതുവഴി വന്ന പോലീസ് പിസിആർ വാഹനം നിർത്താതെ പോയത് സമൂഹമാധ്യമങ്ങളിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നവരെ സഹായിക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് ദൃശ്യങ്ങൾ പങ്കുവെച്ചവർ ആരോപിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പെരുമാറിയെന്ന ആക്ഷേപം ശക്തമാണ്. അപകടം നടന്നയുടൻ നാട്ടുകാരാണ് ഓടിക്കൂടി ദമ്പതികളെ സഹായിച്ചത്.മഴക്കാലത്ത് റോഡുകളിലെ കുഴികൾ തിരിച്ചറിയാൻ സാധിക്കാത്തത് വലിയ അപകടങ്ങൾക്കാണ് വഴിതെളിക്കുന്നത്. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നേരത്തെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നും, അധികൃതർ അടിയന്തരമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. റോഡ് സുരക്ഷയുടെ കാര്യത്തിൽ ഭരണകൂടം ഇത്രയും അലംഭാവം കാണിക്കുന്നത് അക്ഷന്തവ്യമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.