ഹൈദരാബാദിൽ യുവതി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

ഹൈദരാബാദിൽ യുവതി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

ഹൈദരാബാദ് : ലങ്കാർ ഹൗസ് ഏരിയയിലെ ഹോട്ടലിൽ 26-കാരിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. അൽവാൽ സ്വദേശിനിയായ രേണുകയാണ് മരിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ ഒരു റെസ്റ്റോറന്റിലും പബ്ബിലും ഡാൻസർ ആയി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുമായുള്ള വീഡിയോ കോളിനിടെയാണ് യുവതി ജീവനൊടുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ബുധനാഴ്ച രാവിലെ ഒരു പുരുഷനോടൊപ്പമാണ് രേണുക ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കൂടെയുണ്ടായിരുന്നയാൾ ഹോട്ടലിൽ നിന്ന് പുറത്തുപോയി. രാത്രി 11.56-ഓടെ രേണുക ഭക്ഷണം ഓർഡർ ചെയ്തിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ഇതിനുശേഷം സുഹൃത്തായ സത്യയുമായി വീഡിയോ കോളിൽ സംസാരിക്കവെയാണ് രേണുക ജീവനൊടുക്കിയതെന്ന് ലങ്കാർ ഹൗസ് സബ് ഇൻസ്പെക്ടർ സയ്യിദ് മുൻവർ അലി അറിയിച്ചു.സംഭവം അറിഞ്ഞയുടൻ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, രേണുകയ്‌ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത പുരുഷനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.. ഫോറൻസിക് പരിശോധനാഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.