മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌ : കണ്ടെത്തിയത് 20 കോടിയുടെ സ്വർണവും കോടികണക്കിന് പണവും!!

മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌ : കണ്ടെത്തിയത് 20 കോടിയുടെ സ്വർണവും കോടികണക്കിന് പണവും!!

ലഖ്‌നൗ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ മുൻ അസിസ്റ്റന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ലഖ്‌നൗവിലെ വസതിയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ പണവും കിലോക്കണക്കിന് സ്വർണവും പിടിച്ചെടുത്തു. ആഗ്രയിലെ മുൻ എആർടിഒ ലളിത് കുമാറിന്റെ അലിഗഞ്ചിലുള്ള വീട്ടിൽ ജൂലൈ 7, 8 തീയതികളിലാണ് യുപി വിജിലൻസ് എസ്റ്റാബ്ലിഷ്‌മെന്റ് അതിശയിപ്പിക്കുന്ന ഈ തെരച്ചിൽ നടത്തിയത്.വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 1.62 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലൻസ് സംഘം കണ്ടെടുത്തത്. ഇതിനുപുറമെ, ബിസ്‌ക്കറ്റുകളുടെയും ബാറുകളുടെയും ആഭരണങ്ങളുടെയും രൂപത്തിലുള്ള 13 കിലോഗ്രാം സ്വർണവും, 9 കിലോഗ്രാം വെള്ളിയും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. സർക്കാർ അംഗീകൃത മൂല്യനിർണ്ണയക്കാരൻ പരിശോധിച്ചതിൽ പിടിച്ചെടുത്ത സ്വർണ്ണത്തിനും വെള്ളിക്കും മാത്രം വിപണിയിൽ ഏകദേശം 20 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പണത്തിനും സ്വർണത്തിനും പുറമെ ലഖ്‌നൗ, നോയിഡ, ബാരബങ്കി, റായ്ബറേലി എന്നിവിടങ്ങളിലായി ലളിത് കുമാർ വാങ്ങിക്കൂട്ടിയ 15-ലധികം ആഡംബര വീടുകൾ, പ്ലോട്ടുകൾ, കാർഷിക ഭൂമികൾ, ഫ്ലാറ്റുകൾ എന്നിവയുടെ രേഖകളും വിജിലൻസ് കണ്ടെടുത്തു. ഈ വസ്‌തുക്കൾക്ക് മാത്രം കുറഞ്ഞത് 13 കോടി രൂപ വിലമതിക്കുമെന്നാണ് പ്രാഥമിക കണക്ക്. അഴിമതി നിരോധന നിയമപ്രകാരം കാൺപൂർ റേഞ്ച് ആന്റി കറപ്ഷൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവോടെയായിരുന്നു റെയ്ഡ്. മുൻ ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള വിശദമായ അന്വേഷണം വിജിലൻസ് തുടരുകയാണ്.