അയോധ്യ രാമക്ഷേത്ര അഴിമതി : ലക്ഷങ്ങൾ അടിച്ചുമാറ്റിയ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് യു.പി പോലീസ്

അയോധ്യ: രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ കൈകാര്യം ചെയ്തതിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിൽ ഉത്തർപ്രദേശ് പോലീസ് ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിൻ്റെ ഈ അടിയന്തര നടപടി. ക്ഷേത്ര ഫണ്ടുകളിലും സ്വത്തുക്കളിലും വലിയ തോതിലുള്ള അട്ടിമറിയും ക്രമക്കേടുകളും നടന്നതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
ഇതോടെ, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വി.എച്ച്.പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെയുള്ള നിയമക്കുരുക്കുകൾ മുറുകുകയാണ്. കേസിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എസ്.ഐ.ടി ഉടൻ കേസെടുത്തേക്കുമെന്നാണ് സൂചനകൾ. കേസിൻ്റെ കൂടുതൽ തെളിവെടുപ്പുകൾക്കായി പ്രത്യേക അന്വേഷണ സംഘം വീണ്ടും അയോധ്യയിലെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് വലിയ തുകകൾ സംഭാവന നൽകിയ പ്രമുഖരെയും ട്രസ്റ്റിലെ വിവിധ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ സംഘം വിശദമായി ചോദ്യം ചെയ്യും.ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് 3,500 കോടി രൂപയുടെ പണത്തിന് പുറമേ കിലോഗ്രാം കണക്കിന് സ്വർണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ, ഇതിൽ വലിയൊരു പങ്കിനും കൃത്യമായ ബാങ്ക് രേഖകളോ ഓഡിറ്റിങ് വിവരങ്ങളോ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.അതേസമയം, കോടികളുടെ ഈ സംഭാവന ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി ഇപ്പോൾ അംഗീകരിച്ചിട്ടില്ല. നിലവിൽ ഹർജി ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ വരുന്ന തിങ്കളാഴ്ച ഈ വിഷയം വീണ്ടും കോടതിക്ക് മുന്നിൽ പരാമർശിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകി .