"പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ വീണ്ടും സമരം"

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പേരിൽ വിദ്യാർഥികളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിദ്യാർഥികളെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയും സിജെപി രംഗത്തെത്തി. പ്രതിഷേധക്കാർക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോകാനുള്ള നിർദേശത്തിൽ പാർട്ടി ആശങ്ക പ്രകടിപ്പിച്ചു.കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമാണ് കോടതി ഉത്തരവെന്നാണ് സിജെപിയുടെ ആരോപണം. സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നും കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും പാർട്ടി പ്രതിനിധികൾ വ്യക്തമാക്കി.ഇതിനുപുറമെ ഡൽഹിയിലെ എകെജി ഭവനിലെത്തി എസ്എഫ്‌ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ ശ്രമത്തെയും സിജെപി വിമർശിച്ചു.എസ്എഫ്‌ഐക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി വക്താക്കൾ രംഗത്തെത്തി. സിജെപി വക്താവ് വൈഷ്ണവി ഘോർ, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയുമായി വിഷയത്തിൽ ആശയവിനിമയം നടത്തുകയും ചെയ്‌തു .