"നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ": ദയാനിധി മാരൻ

"നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ": ദയാനിധി മാരൻ

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ്  വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് ‘ജെൻ സി’ തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ് സഭയെക്കൊണ്ട് ഇത് ചർച്ച ചെയ്യിപ്പിച്ചതെന്ന് പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.നീറ്റ് പരീക്ഷ പൂർണ്ണമായും നിരോധിക്കണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടപ്പിലാക്കിയത് കൊണ്ട് രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്ത് എന്ത് ഗുണപരമായ മാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

“ഇന്ന് രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ ഡോക്ടർമാരാരും നീറ്റ് പരീക്ഷ എഴുതി വന്നവരല്ല. അവരാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാർ. ആദ്യമായി നടന്ന നീറ്റ് പരീക്ഷ പോലും ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വന്ന ചരിത്രമാണുള്ളത്” – ദയാനിധി മാരൻ ചൂണ്ടിക്കാട്ടി.

‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന ആശയം അംഗീകരിക്കാനാകില്ലെന്നും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടതുമായ വിദ്യാർത്ഥികളുടെ ഡോക്ടറാകാനുള്ള സ്വപ്നങ്ങളെ തകർക്കുന്ന ഒന്നാണ് നീറ്റ് പരീക്ഷയെന്നും തമിഴ്‌നാട്ടിലെ അനിതയുടെ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലുകളെയും ഇന്റർനെറ്റ് വിച്ഛേദിച്ച നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ബിൽ സംസ്‌കൃതത്തിലോ ഹിന്ദിയിലോ അല്ലാതെ ഇംഗ്ലീഷിൽ അവതരിപ്പിച്ചതിന് കേന്ദ്ര മന്ത്രിയോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.