‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ സിജെപി

‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ സിജെപി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ “ജനറേഷൻ ഗട്ടർ” എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി  രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഇന്നത്തെ യുവതലമുറ നടത്തിയ പ്രവർത്തനങ്ങളെ അവഹേളിക്കുന്നതാണ് കങ്കണയുടെ പരാമർശമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു.ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന വിദ്യാർഥി-യുവജന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ ഭാഷ “ഛർദ്ദിക്കാൻ തോന്നുന്നതാണെന്ന്” കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. സ്വയം “പാറ്റകൾ” എന്ന് വിശേഷിപ്പിക്കുന്ന ഇവർ ലഹരി ഉപയോഗിക്കാനും മദ്യപിക്കാനും മാതാപിതാക്കളുടെ പണം ധൂർത്തടിക്കാനുമാണ് താൽപര്യമുള്ളതെന്നും, അതുകൊണ്ടാണ് ഇവരെ “ജനറേഷൻ ഗട്ടർ” എന്ന് വിളിക്കുന്നതെന്നും രാജ്യത്തിന് ഇവരിൽ നിന്ന് യാതൊരു സംഭാവനയും ഇല്ലെന്നുമായിരുന്നു കങ്കണയുടെ വിമർശനം.ഇതിന് മറുപടിയായി രംഗത്തെത്തിയ സൗരവ് ദാസ്, കങ്കണയെ സ്വന്തം രാഷ്ട്രീയ പാർട്ടിക്കുള്ളിൽ പോലും ഗൗരവത്തോടെ കാണുന്നില്ലെന്ന് പരിഹസിച്ചു. അത്തരമൊരു നേതാവിന്റെ അഭിപ്രായത്തിന് യുവതലമുറ വലിയ പ്രാധാന്യം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.എംപിയായ ശേഷം ജോലി എത്രത്തോളം കഠിനമാണെന്ന് മനസ്സിലായെന്ന കങ്കണയുടെ മുൻ പരാമർശവും സൗരവ് ദാസ് ചൂണ്ടിക്കാട്ടി. അതിലൂടെ രാഷ്ട്രീയത്തോടുള്ള അവരുടെ സമീപനം വ്യക്തമാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്നത്തെ യുവതലമുറ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സൗരവ് ദാസ് പറഞ്ഞു. “രാജ്യത്തിനുവേണ്ടി നിങ്ങൾ ചെയ്തതിനെക്കാൾ കൂടുതൽ സംഭാവന ഇന്നത്തെ യുവാക്കൾ നൽകിയിട്ടുണ്ട്. തകരാറിലായിരുന്ന ജനാധിപത്യത്തിലേക്കുള്ള വിശ്വാസം തിരിച്ചുകൊണ്ടുവന്നത് ഈ തലമുറയാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.