സി.പി.എം പോളിറ്റ് ബ്യൂറോയോഗം ഇന്ന് ഡൽഹിയിൽ

സി.പി.എം പോളിറ്റ് ബ്യൂറോയോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: സി.പി.എം പോളിറ്റ് ബ്യൂറോയോഗം ഇന്ന് ഡൽഹിയിൽ ചേരും. വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിൻ്റെ  രൂപരേഖ തയ്യാറാക്കുകയാണ് യോഗത്തിൻ്റെ  പ്രധാന ലക്ഷ്യം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിക്കും.

സംസ്ഥാനത്തെ തോൽവിക്ക് കൂട്ടായ നേതൃത്വമാണ് ഉത്തരവാദിയെന്ന നിലപാടാണ് കേരള ഘടകത്തിന്റേത്. എന്നാൽ, ഈ വിഷയത്തിൽ പി.ബിയിലെ ചില അംഗങ്ങൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർത്തുന്നുണ്ട്. പിണറായിക്കെതിരെയും യോഗത്തിൽ എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി ചോദ്യം ചെയ്യുന്ന സാഹചര്യവും പി.ബി യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന. പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കാനായി ഇതിനകം ഡൽഹിയിൽ എത്തിയിട്ടുണ്ട്.