സോനം വാങ്ചുക്കിൻ്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
‘മനുഷ്യജീവൻ വിലപ്പെട്ടതാണ്’ എന്ന് ഓർമ്മിപ്പിച്ച കോടതി, വാങ്ചുക്കിന് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കണമെന്നും ഇരു സർക്കാരുകളോടും ആവശ്യപ്പെട്ടു. നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടന്നതോടെ വാങ്ചുകിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരം ആരംഭിച്ചതിന് ശേഷം 9 കിലോഗ്രാമിലധികം ഭാരമാണ് അദ്ദേഹത്തിന് കുറഞ്ഞത്. നിലവിൽ 56.9 കിലോഗ്രാമാണ് ഭാരം. പേശികൾ ക്ഷയിക്കുന്ന രണ്ടാം ഘട്ടത്തിലാണ് അദ്ദേഹമിപ്പോഴെന്നും, അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സ്ഥിതി കൂടുതൽ അപകടകരമാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
അതേസമയം, വാങ്ചുകിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ കൃത്യമായി കൈമാറുന്നുണ്ടെന്നും സർക്കാരുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ നിരവധി നേതാക്കളും ജനങ്ങളും അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് സോനം വാങ്ചുക് വ്യക്തമാക്കി.