സോനം വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം: പൊതുതാൽപ്പര്യ ഹർജി നാളെ പരിഗണിക്കും

സോനം വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം:   പൊതുതാൽപ്പര്യ ഹർജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) നാളെ പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി ഇന്ന്  അറിയിച്ചു. ഈ വിഷയം 'അടിയന്തിര'മാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര, ഡൽഹി സർക്കാരുകളോട് നാളെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു.

അഭിഭാഷകനായ രാകേഷ് കുമാർ സൈനി സമർപ്പിച്ച ഹർജിയിലാണ്  നടപടി. "ഏറ്റവും ദൗർഭാഗ്യകരമായ സാഹചര്യം. ഏറെ വിമർശിക്കപ്പെടുന്ന സർക്കാരിനെതിരെ തൻ്റെ  മൗലികാവകാശം വിനിയോഗിച്ച് പ്രതിഷേധിക്കുന്ന സാമൂഹിക പ്രവർത്തകൻ, രാജ്യം മുഴുവൻ കാൺകെ സമരത്തിലൂടെ സ്വന്തം ജീവനെടുക്കുന്ന  പ്രവൃത്തിയാണ് ചെയ്യുന്നത്," നേരിട്ട് ഹാജരായി അദ്ദേഹം കോടതിയിൽ വാദിച്ചു.

 ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആഹ്വാനം ചയ്ത ബഹിഷ്‌കരണ സമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ്‌സ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ നാളത്തേയ്ക്ക് മാറ്റിവെച്ചത്.ഉത്തരവിൻ്റെ  പകര്‍പ്പ് ബന്ധപ്പെട്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനും ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകനും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. സോനം വാങ്ചുകിന് അടിയന്തരമായി വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കുക, സമരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങളില്‍ അധികാരികള്‍ ചര്‍ച്ചകള്‍ ആരംഭിക്കുക, ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കുക തുടങ്ങിയവയാണ്  രാകേഷ് കുമാര്‍ സൈനി സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യങ്ങൾ . നിരാഹാര സമരം ആരംഭിച്ചതിന് ശേഷം സോനം വാങ്ചുകിന് ഏകദേശം 8.25 കിലോഗ്രാം ഭാരം കുറഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി കുറയുന്നു,കടുത്ത തലകറക്കം, പേശികള്‍ക്ക് ക്ഷയം, ശാരീരിക ബലഹീനത എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍.

നിരാഹാര സമരം തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയുണ്ടാകുന്ന തരത്തില്‍ ആരോഗ്യനില വഷളായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുജന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതെന്നും നീണ്ടുനിന്ന പ്രതിഷേധമായിട്ടും അധികൃതര്‍ യാതൊരുവിധ ചര്‍ച്ചകളും ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സമാധാനപരമായ പ്രതിഷേധവും നിരാഹാര സമരവും ജനാധിപത്യപരമായ അവകാശങ്ങളാണെങ്കിലും, ഓരോ പൗരന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഹര്‍ജി പറയുന്നു.