ISROയിൽ കൂട്ടരാജി! കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ബെംഗളൂരു : ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടരാജികൾ തുടരുന്ന സാഹചര്യത്തിൽ, കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഗഗൻയാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളെ ബാധിക്കുന്ന തരത്തിൽ രാജികളും സ്വമേധയാ വിരമിക്കാനുള്ള അപേക്ഷകളും വർദ്ധിച്ചതോടെയാണ്, ഇത്തരം അഭ്യർത്ഥനകൾ റുട്ടീൻ നടപടിയായി സ്വീകരിക്കേണ്ടതില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് കർശന നിർദ്ദേശം നൽകിയത്.
ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യം, ചന്ദ്രയാൻ പര്യവേഷണങ്ങൾ, 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം, 2040-ഓടെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക തുടങ്ങിയ അതിമോഹ പദ്ധതികളാണ് ഐഎസ്ആർഒയുടെ മുന്നിലുള്ളത്. എന്നാൽ, പരിചയസമ്പന്നരായ മുതിർന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്ക് ഈ പദ്ധതികളുടെ വേഗതയെ സാരമായി ബാധിക്കുന്നുണ്ട്. രാജിക്കോ സ്വമേധയാ വിരമിക്കലിനോ അപേക്ഷിക്കുന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ അപേക്ഷകൾ ഇനി മുതൽ സെന്റർ ഡയറക്ടർമാരുടെ ശുപാർശ സഹിതം ഡിപ്പാർട്ട്മെന്റിലേക്ക് അയക്കണം. ഇതിൽ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും.
ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ രാജികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളിൽ നിന്ന് ലഭിക്കുന്ന മികച്ച അവസരങ്ങളും ശമ്പളവുമാണ് പലരെയും ഐഎസ്ആർഒ വിടാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ, ഐഎസ്ആർഒയിലെ ആഭ്യന്തര പ്രശ്നങ്ങളും ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളും കാരണങ്ങളാണെന്ന് സൂചനയുണ്ട്. 2025-26 കാലയളവിൽ ഉണ്ടായ രണ്ട് പി.എസ്.എൽ.വി മിഷൻ പരാജയങ്ങളും തുടർന്നുള്ള വിക്ഷേപണങ്ങളുടെ അനിശ്ചിതത്വവും ഏജൻസിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ഐഎസ്ആർഒയിൽ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിൽ 14,108 തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, നിലവിൽ 12,472 പേർ മാത്രമാണുള്ളത്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ 24% ഒഴിവുകൾ വേറെയുമുണ്ട്. റിക്രൂട്ട്മെന്റ് നടപടികൾ കൊഴിഞ്ഞുപോക്കിനനുസരിച്ച് വേഗത്തിലാക്കാൻ കഴിയാത്തതും വലിയൊരു പോരായ്മയായി തുടരുന്നു.