"സോനം വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം", ആരോപണവുമായി ദിപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തന്നെ ഡൽഹി പൊലീസ് മർദിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്‌തുവെ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ . എന്നാൽ പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ദിപ്കെ എക്‌സിലൂടെ പങ്കുവെച്ച പ്രതികരണത്തിൽ, ജന്തർ മന്തറിൽ പൊലീസ് അതിക്രമിച്ച് കയറി പ്രതിഷേധക്കാരെ മർദിക്കുകയും സോനം വാങ്ചുക്കിനെ ബലമായി കൊണ്ടുപോകുകയും ചെയ്‌തുവെന്നാണ് . തന്നെ മർദിച്ച് തടങ്കലിലാക്കിയെന്നും പിന്നീട് വിട്ടയച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. മോചിതനായ ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ശക്തതമായ ലാത്തിച്ചാർജ് നടത്തിയതായും ദിപ്കെ ആരോപിച്ചു.
'സോനം വാങ്ചുക്കിനെ ആക്രമിക്കാൻ ശ്രമം'
സംഭവത്തിന് സംഭവത്തിന് മുമ്പ് ജന്തർ മന്തറിൽ സോനം വാങ്ചുക്കിനെ ആക്രമിക്കാൻ ചിലർ ശ്രമിച്ചുവെന്നും അദ്ദേഹത്തിന് നേരെ ഒരു വസ്‌തു എറിഞ്ഞുവെന്നും ദിപ്കെ ആരോപിച്ചു. എന്നാൽ വാങ്ചുക്കിന് പരിക്കേറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തകർക്കാൻ ആളുകളെ അയയ്ക്കുമെന്ന വിവരം പൊലീസിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ചിരുന്നുവെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ദിപ്കെ അവകാശപ്പെട്ടു.സോനം വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. സമാധാനപരമായ പ്രതിഷേധം തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിഷേധം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അതിലൂടെ പ്രതിഷേധം അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുകയാണ് അവർ ചെയ്യുന്നതെന്നും ദിപ്കെ ആരോപിച്ചു .
ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പൊലീസ്
അതേസമയം, ഡൽഹി ഹൈക്കോടതിയുടെ നിർദേശവും ആരോഗ്യവിദഗ്‌ധരുടെ ഉപദേശവും പരിഗണിച്ചാണ് സോനം വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ചികിത്സയ്ക്കായി സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും, അദ്ദേഹം ബോധവാനായിരിക്കുകയാണെന്നും ആരോഗ്യ നില സ്ഥിരതയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മയുടെ വിശദീകരണപ്രകാരം പ്രതിഷേധക്കാരെ മാറ്റുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. എന്നാൽ പൊലീസ് പരമാവധി സംയമനം പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും ലാത്തിച്ചാർജോ ബലപ്രയോഗമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് കൂട്ടിച്ചേർത്തു.
ജൂൺ 20 മുതൽ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, പരീക്ഷാ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. സംഭവത്തെ തുടർന്ന് ജന്തർ മന്തറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.