സിന്ധു നദീജല കരാറിൻ്റെ മധ്യസ്ഥതയ്ക്കായി പാകിസ്ഥാൻ ഇതിനകം ചെലവഴിച്ചത് 600,000 ഡോളറിലധികം

സിന്ധു നദീജല കരാറിൻ്റെ  മധ്യസ്ഥതയ്ക്കായി പാകിസ്ഥാൻ ഇതിനകം ചെലവഴിച്ചത്  600,000 ഡോളറിലധികം

ന്യൂഡൽഹി: സിന്ധു നദി ജലകരാറുമായി ബന്ധപ്പെട്ട് ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ നടക്കുന്ന നിയമപോരാട്ടത്തിൽ, ഇന്ത്യയുടെ വിഹിതമുൾപ്പെടെയുള്ള മുഴുവൻ ആർബിട്രേഷൻ ചെലവുകളും പാകിസ്ഥാൻ സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്നതായി റിപ്പോർട്ട്. ഇന്ത്യ കേസിൽ നിന്ന് വിട്ടുനിൽക്കുകയും കരാർ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇതിനകം തന്നെ 6 ലക്ഷത്തിലധികം യു.എസ് ഡോളർ പാകിസ്ഥാൻ ചെലവഴിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.സിന്ധു നദി ജലകരാറിലെ നിബന്ധനകൾ പ്രകാരം തർക്ക പരിഹാര കോടതിയിലെ ചെലവുകൾ ഇന്ത്യയും പാകിസ്ഥാനും തുല്യമായാണ് പങ്കിടേണ്ടത്. എന്നാൽ 2025 ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തവും ശാശ്വതവുമായ നടപടി സ്വീകരിക്കുന്നതുവരെ കരാർ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ഇതിൽ നിന്നുള്ള പങ്കാളിത്തം നിർത്തിവെച്ചിരുന്നു. പശ്ചിമ നദികളിൽ ഇന്ത്യ നിർമ്മിക്കുന്ന കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികൾ കരാർ ലംഘനമാണെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരം സാങ്കേതിക തർക്കങ്ങൾ ഒരു ‘ന്യൂട്രൽ എക്സ്പെർട്ട്’ ആണ് പരിശോധിക്കേണ്ടതെന്നും കോടതി കമ്മീഷൻ നിയമവിരുദ്ധമായാണ് രൂപീകരിച്ചതെന്നും വ്യക്തമാക്കിയ ഇന്ത്യ, കോടതിയുടെ അധികാര പരിധിയെ പൂർണ്ണമായി തള്ളിക്കളയുകയും ഇതിന്റെ വിധികൾ അസാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.