മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ തേക്കടിയിൽ സർവ്വമത പ്രാർഥന നടത്തി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ തേക്കടിയിൽ സർവ്വമത പ്രാർഥന നടത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനായി തേക്കടിയിൽ സർവ്വമത പ്രാർഥനയുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ. അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പിൽവേ ഷട്ടറിന് സമീപമാണ് അഞ്ച് ജില്ലകളിൽ നിന്നുള്ള കർഷകർ ഒത്തുചേർന്ന് പ്രത്യേക പ്രാർഥന നടത്തിയത്.ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഈ വർഷം ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നുവിടാൻ കഴിഞ്ഞിട്ടില്ല. സാധാരണയായി ജൂൺ ആദ്യവാരത്തോടെ തന്നെ തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങാറുള്ളതാണ്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പ് 112 അടിയായി താഴുകയായിരുന്നു.

പ്രതിസന്ധിയിലായ ഒന്നാം കൃഷി

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പതിനാലായിരത്തിലധികം കർഷക കുടുംബങ്ങളുടെ ജീവനനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം. സാധാരണയായി എല്ലാ വർഷവും ജൂൺ ആദ്യവാരത്തിൽ ഒന്നാം കൃഷിക്കായി 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാറുള്ളതാണ്. എന്നാൽ ഇത്തവണ കാലവർഷം കടുത്ത ചതിയാണ് ചെയ്‌തത്. വൃഷ്‌ടിപ്രദേശങ്ങളിൽ മഴ പെയ്യാത്തത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലപ്പിച്ചു.

അണക്കെട്ടിലെ നിലവിലെ അവസ്ഥ:

നിലവിലെ ജലനിരപ്പ് 112.90 അടിയാണ്. കൃഷിക്കായി വെള്ളം തുറന്നുവിടാൻ ആവശ്യമായ കുറഞ്ഞ ജലനിരപ്പ് 118 അടിയും. ജലനിരപ്പ് 118 അടി പിന്നിട്ട ശേഷമേ ഒന്നാം കൃഷിക്കായി വെള്ളം തുറന്നുവിടാനാകൂ എന്ന തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്‍റെ കർശന നിർദേശമാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

2019-ലും സമാനമായ രീതിയിൽ ഡാമിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നിരുന്നു. അന്ന് ഇതേ സ്ഥലത്ത് സർവ്വമത പ്രാർഥന നടത്തിയതിന് പിന്നാലെ മഴ പെയ്യുകയും ജലനിരപ്പ് ഉയരുകയും ചെയ്തുവെന്നാണ് കർഷകരുടെ അവകാശവാദം.