മൂന്ന് മിനിറ്റ് ചാർജ് ചെയ്‌താൽ ഒരു മണിക്കൂർ ഉപയോഗിക്കാം: സോണിയുടെ പുതിയ 'ലിങ്ക്ബഡ്‌സ് ക്ലിപ്പ് ' ഇന്ത്യൻ വിപണിയിൽ

മുംബൈ : സോണിയുടെ ക്ലിപ്പ്-സ്റ്റൈൽ ഓപ്പൺ-ഇയർ ട്രൂ വയർലെസ് ഇയർബഡ്‌സായ 'ലിങ്ക്ബഡ്‌സ് ക്ലിപ്പ്'  ഇന്ത്യൻ വിപണിയിലും പുറത്തിറക്കി. ഇയർബഡ്‌സ് ധരിക്കുമ്പോഴും ഉപയോക്താക്കൾക്ക് ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് കേൾക്കാൻ സാധിക്കുന്ന തരത്തിൽ ചെവിയുടെ വശങ്ങളിൽ ക്ലിപ്പ് പോലെ ഘടിപ്പിക്കാനാവും എന്നതാണ് ഇതിൻ്റെ ഒരു സവിശേഷത.എഐ സഹായത്തോടെയുള്ള വോയ്‌സ് പ്രോസസ്സിങ്, മൂന്ന് ലിസണിങ് മോഡുകൾ, ബ്ലൂടൂത്ത് മൾട്ടിപോയിന്‍റ് പിന്തുണ, 37 മണിക്കൂർ വരെ ക്ലെയിം ചെയ്ത ബാറ്ററി ലൈഫ് എന്നിവയാണ് സോണി ലിങ്ക്ബഡ്‌സ് ക്ലിപ്പിലെ മറ്റ് സവിശേഷതകൾ. സാധാരണ ഇയർബഡ്‌സ് ധരിക്കുമ്പോൾ കർണ്ണനാളത്തിൽ തടസ്സം സൃഷ്‌ടിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് പുറത്ത് നിന്നുള്ള മറ്റ് ശബ്‌ദങ്ങൾ വ്യക്തമായി കേൾക്കാൻ സാധിക്കില്ല.

എന്നാൽ ഓപ്പൺ ക്ലിപ്പ്-സ്റ്റൈൽ ഡിസൈനിലുള്ള സോണിയുടെ പുതിയ ഇയർബഡ്‌സ് ചെവിക്ക് പുറത്ത് ധരിക്കാമെന്നതിനാൽ ചുറ്റുമുള്ള ശബ്‌ദങ്ങൾ കേൾക്കുന്നതിന് തടസ്സമാവില്ല. 

സോണി ലിങ്ക്ബഡ്‌സ് ക്ലിപ്പിന് ഇന്ത്യയിൽ 18,990 രൂപയാണ്  വില. നിലവിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, തിരഞ്ഞെടുത്ത ക്രോമ ഔട്ട്‌ലെറ്റുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, സോണി സെന്‍ററുകൾ എന്നിവയിലൂടെ വാങ്ങാൻ ലഭ്യമാണ്. കറുപ്പ്, ഗ്രെയ്‌ജ്, പച്ച, ലാവെൻഡർ നിറങ്ങളിൽ ഇത് ലഭ്യമാവും.

സോണി ലിങ്ക്ബഡ്‌സ് ക്ലിപ്പ്: സ്പെസിഫിക്കേഷനുകൾ

സോണി ലിങ്ക്ബഡ്‌സ് ക്ലിപ്പിൽ ഇയർ കനാലിനേക്ക് പോകുന്ന മറ്റ് ശബ്‌ദങ്ങൾക്ക് തടസ്സം സൃഷ്‌ ടിക്കാത്ത തരത്തിലുള്ള ഒരു ഡിസൈനാണ് ലഭിക്കുന്നത്. ഉപയോഗ സമയത്ത് പുറത്തെ ശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കുന്ന ഈ ഡിസൈൻ തന്നെയാണ് പുതിയ ഇയർബഡ്‌സിന്‍റെ ഹൈലൈറ്റ്.ദീർഘനേരം ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വ്യത്യസ്ത ആകൃതിയിലുള്ള ചെവികളിൽ ധരിക്കുമ്പോൾ സുഖകരമായ അനുഭവം നൽകാൻ ഫിറ്റിങ് കുഷ്യനുകൾ നൽകിയിട്ടുണ്ട്. വിയർപ്പ്, വെള്ളം ഉൾപ്പെടെയുള്ളവയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് IPX4 റേറ്റിങാണ് ലഭിക്കുന്നത്.ഓഡിയോക്കായി ലിങ്ക്ബഡ്‌സ് ക്ലിപ്പിൽ 10mm ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ SBC, AAC ബ്ലൂടൂസ്ത്ത് കോഡെക്കുകൾ പിന്തുണയ്ക്കുന്നു. സോണി സൗണ്ട് കണക്ട് ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് 10-ബാൻഡ് ഇക്വലൈസർ ഉപയോഗിച്ച് സൗണ്ട് പ്രൊഫൈൽ കസ്റ്റമൈസ് ചെയ്യാൻ കഴിയും. ഇയർബഡ്‌സ് 360 റിയാലിറ്റി ഓഡിയോയും ബാക്‌ഗ്രൗണ്ട് മ്യൂസിക് ഇഫക്റ്റും പിന്തുണയ്ക്കുന്നു.സോണിയുടെ പുതിയ ഇയർബഡുകൾ മൂന്ന് ലിസണിങ് പ്രീസെറ്റുകളുമായാണ് വരുന്നത്. സ്റ്റാൻഡേർഡ് മോഡ് ദൈനംദിന പ്ലേബാക്കിനായി ഉള്ളതാണ്. വോയ്‌സ് ബൂസ്റ്റ് കോളുകൾ, പോഡ്‌കാസ്റ്റുകൾ, സംഗീതം എന്നിവയിൽ സംഭാഷണ വ്യക്തത മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.ഉയർന്ന ഫ്രീക്വൻസി ഓഡിയോ കുറയ്ക്കുന്നതിന് സൗണ്ട് ലീക്കേജ് റിഡക്ഷനും ഇതിലുണ്ട്. നടത്തം, ഓട്ടം, ജിം വർക്കൗട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി കേൾവി അനുഭവം യാന്ത്രികമായി ക്രമീകരിക്കുന്ന സീൻ-ബേസ്ഡ് ലിസണിങും സോണി ഉൾപ്പെടുത്തിയിട്ടുണ്ട്.വോയ്‌സ് കോളുകൾക്കായി, ലിങ്ക്ബഡ്‌സ് ക്ലിപ്പിൽ ഡ്യുവൽ മൈക്രോഫോണുകൾ, പ്രിസൈസ് വോയ്‌സ് പിക്കപ്പ് സാങ്കേതികവിദ്യ, ബോൺ കണ്ടക്ഷൻ സെൻസർ, ചുറ്റുമുള്ള ശബ്‌ദം കുറയ്ക്കുന്നതിനായി AI- പവർഡ് സിഗ്നൽ പ്രോസസ്സിങ് എന്നിവ സംയോജിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ കോൾ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വ്യത്യസ്ത ശബ്‌ദ പാറ്റേണുകൾ ഉപയോഗിച്ചാണ് AI അൽഗോരിതം പരിശീലിപ്പിച്ചിരിക്കുന്നത്.

മൾട്ടിപോയിന്‍റ് പെയറിങിനുള്ള പിന്തുണയോടെ സോണി ലിങ്ക്ബഡ്‌സ് ക്ലിപ്പിന്‍റെ കണക്റ്റിവിറ്റി ബ്ലൂടൂത്ത് 5.3 വഴി കൈകാര്യം ചെയ്യുന്നു. ഇത് ഇയർബഡ്‌സ് ഒരേസമയം രണ്ട് ഉപകരണങ്ങളുമായി കണക്റ്റുചെയ്‌തിരിക്കാൻ അനുവദിക്കുന്നു. ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ഗൂഗിൾ ഫാസ്റ്റ് പെയർ ലഭ്യമാണ്. അതേസമയം സ്വിഫ്റ്റ് പെയർ വിൻഡോസ് കമ്പ്യൂട്ടറുകളുമായി വേഗത്തിൽ ജോടിയാക്കാൻ പ്രാപ്തമാക്കുന്നു.ഉപയോക്താക്കൾക്ക് ഏതെങ്കിലും ഇയർബഡ് സ്വതന്ത്രമായി ഉപയോഗിക്കാം. അനുയോജ്യമായ ഒരു സ്‌മാർട്ട്‌ഫോണിലേക്ക് കണക്റ്റുചെയ്യുമ്പോൾ ലിങ്ക്ബഡ്‌സ് ക്ലിപ്പ് ഗൂഗിൾ ജെമിനൈയിലേക്കുള്ള ഹാൻഡ്‌സ്-ഫ്രീ ആക്‌സസിനെ പിന്തുണയ്ക്കുന്നു. സോണി ലിങ്ക്ബഡ്‌സ് ക്ലിപ്പ് ഇയർബഡ്‌സിന് ഒറ്റ ചാർജിൽ ഒമ്പത് മണിക്കൂർ വരെ പ്ലേബാക്ക് നൽകാൻ കഴിയും. ചാർജിങ് കേസിന് മൊത്തം ബാറ്ററി ലൈഫ് 37 മണിക്കൂർ വരെ വർധിപ്പിക്കുമെന്നും സോണി അവകാശപ്പെടുന്നു.വെറും മൂന്ന് മിനിറ്റ് ചാർജ് ചെയ്‌താൽ ഒരു മണിക്കൂർ വരെ കേൾക്കാമെന്നും സോണി പറയുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് ആണ് പിന്തുണയ്‌ക്കുന്നത്. ഏകദേശം 6.4 ഗ്രാം ആണ് ഓരോ ഇയർബഡിന്‍റെയും ഭാരം. ചാർജിങ് കെയ്‌സിന് ഏകദേശം 42 ഗ്രാം ഭാരവും ഉണ്ട്.