നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചകേസ് : അഭിഭാഷകര്‍ ഹാജരായില്ല, പ്രത്യേക കോടതിയിലെ ആദ്യ വിചാരണയിൽ സിബിഐക്ക് തിരിച്ചടി

നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചകേസ് : അഭിഭാഷകര്‍ ഹാജരായില്ല, പ്രത്യേക കോടതിയിലെ ആദ്യ വിചാരണയിൽ സിബിഐക്ക് തിരിച്ചടി

ന്യൂഡൽഹി:  നീറ്റ്-യുജി പേപ്പർ ചോർച്ച കേസ് പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ ദിനത്തിൽ തന്നെ സിബിഐക്ക് കനത്ത തിരിച്ചടി. റൗസ് അവന്യൂ കോടതിയിലെ പ്രത്യേക കോടതിയിൽ ഇന്ന്  കേസിൻ്റെ ആദ്യ വാദം കേൾക്കൽ നടക്കേണ്ടിയിരുന്നെങ്കിലും, സിബിഐയുടെ ഭാഗത്തുനിന്ന് സർക്കാർ അഭിഭാഷകരാരും കോടതിയിൽ ഹാജരായിരുന്നില്ല. ഈ ഗുരുതര വീഴ്ചയിൽ അതൃപ്തി രേഖപ്പെടുത്തിയ പ്രത്യേക ജഡ്ജി, കേസിൻ്റെ വാദം അടുത്ത ഓഗസ്റ്റ് 3-ലേക്ക് മാറ്റി. അടുത്ത വാദം കേൾക്കൽ തീയതിയിൽ അഭിഭാഷകൻ്റെ സാന്നിധ്യം നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി.റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി അനു ഗ്രോവർ ബലിഗയുടെ കോടതിയിൽ, നീറ്റ് പേപ്പർ ചോർച്ച കേസ് പ്രതികളായ ദിനേശ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തിങ്കളാഴ്ച പരിഗണിക്കാൻ നിശ്ചയിച്ചിരുന്നത്. കോടതിയിൽ നിശ്ചയിച്ച സമയത്ത് പ്രതികളുടെ അഭിഭാഷകൻ എ പി സിംഗ് ഹാജരായെങ്കിലും, സിബിഐക്ക് വേണ്ടി വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാരാരും എത്തിയിരുന്നില്ല.ഈ കേസിൽ ഇതുവരെ 13 പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ദിനേശ് ബിവാളും വികാസ് ബിവാളും അടക്കമുള്ളവർ പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പര്‍ ചോർത്തി വിദ്യാർഥികൾക്ക് എത്തിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ലക്ഷ്യം

രാജ്യത്തുടനീളമുള്ള മത്സര പരീക്ഷകളുടെ സത്യസന്ധത നിലനിർത്തുന്നതിനും ചോദ്യപേപ്പർ ചോർച്ച കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനുമായിയാണ് കേന്ദ്രസർക്കാർ പ്രത്യേക കോടതികൾ സ്ഥാപിച്ചത്. 2024 പബ്ലിക് എക്സാമിനേഷൻ ആക്‌ടിൻ്റെ കീഴിൽ വരുന്ന മുഴുവൻ കുറ്റങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ദില്ലിയിൽ റൗസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിക്കുന്നത്. കേസുകൾ കേൾക്കാൻ ഡൽഹി ഹൈക്കോടതി റൗസ് അവന്യൂ കോടതിയിൽ ഒരു പ്രത്യേക ജഡ്‌ജിയെ നിയമിച്ചു. ജസ്റ്റിസ് അനു ഗ്രോവർ ബലിഗയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്‌ജി. കുറ്റവാളികൾക്ക് വേഗത്തിലുള്ള ശിക്ഷ ഉറപ്പാക്കുകയും വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിൻ്റെ ഈ നീക്കത്തിൻ്റെ ലക്ഷ്യം.

നീറ്റ് പരീക്ഷ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചതോടെയാണ് പ്രതിഷേധം തണുപ്പിക്കാനായി കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായത്. ഇതിൻ്റെ ഭാഗമായായിരുന്നു ചോദ്യപ്പേപ്പർ ചോർച്ചകളിൽ ഉൾപ്പെട്ട പ്രതികൾക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.