എമിറേറ്റ്സ് എയർലൈൻസിൽ വൻ റിക്രൂട്ട്മെന്റ്; മുംബൈയിലും ഡൽഹിയിലും നേരിട്ടുള്ള ഇന്റർവ്യൂ

മസ്കത്ത്∙ ആഗോള വ്യോമയാന രംഗത്തെ പ്രമുഖ വിമാനക്കമ്പനിയായ ദുബായിയുടെ സ്വന്തം എമിറേറ്റ്സ് തങ്ങളുടെ എൻജിനീയറിങ് വിഭാഗം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്ന് വൻതോതിൽ ജീവനക്കാരെ നിയമിക്കുന്നു. വരും വർഷങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കുന്നതിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതുമായി ആഗോളതലത്തിൽ പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി വരും മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് റാലികൾ സംഘടിപ്പിക്കാൻ കമ്പനി തീരുമാനിച്ചു.
ഇന്ത്യയിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് എമിറേറ്റ്സ് പ്രമുഖ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, മലേഷ്യ, തായ് ലൻഡ് തുടങ്ങിയ പ്രധാന വിപണികളിലും സമാനമായ രീതിയിൽ ഇന്റർവ്യൂകൾ നടക്കും. നിലവിൽ ദുബായിലും വിവിധ രാജ്യാന്തര കേന്ദ്രങ്ങളിലും ഉള്ള ഒഴിവുകൾക്ക് പുറമേയാണിത്.
ഭൗമരാഷ്ട്രീയ തർക്കങ്ങളും പ്രതിസദ്ധികളും ആഗോള വ്യോമയാന മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും, തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിൽ എമിറേറ്റ്സ് ഗ്രൂപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക മുന്നേറ്റമാണ് നടത്തിയത്. നികുതിക്ക് മുൻപുള്ള ലാഭമായി 2440 കോടി ദിർഹവും ആകെ വരുമാനമായി 15050 കോടി ദിർഹവുമാണ് കമ്പനി രേഖപ്പെടുത്തിയത്. നിലവിൽ 5960 കോടി ദിർഹത്തിന്റെ കരുതല ശേഖരവും കമ്പനിക്കുണ്ട്. ഈ മികച്ച നേട്ടത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകാനും കമ്പനി തയാറെടുത്തിരുന്നു. കഴിഞ്ഞ വർഷം മാത്രം എമിറേറ്റ്സിലെയും ഡനാറ്റയിലെയും ജീവനക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവുണ്ടായിട്ടുണ്ട്. നിലവിൽ 1,30,919 ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിൽ ലോകമെമ്പാടുമായി ജോലി ചെയ്യുന്നത്.
ഇന്ത്യയിലെ റിക്രൂട്ട്മെന്റ് തീയതികളും തസ്തികകളും
ഇന്ത്യയിലെ ഉദ്യോഗാർഥികൾക്കായി മുംബൈയിൽ ജൂലൈ 21, 22 തീയതികളിലും ന്യൂഡൽഹിയിൽ ജൂലൈ 24, 25 തീയതികളിലും പ്രത്യേക റിക്രൂട്ട്മെന്റ് പരിപാടികൾ നടക്കും. നിശ്ചിത യോഗ്യതയുള്ള അപേക്ഷകരെ എമിറേറ്റ്സിന്റെ റിക്രൂട്ടർമാരും എൻജിനീയറിങ് മാനേജർമാരും നേരിട്ട് ഇന്റർവ്യൂ ചെയ്യും. ദുബായിലെ മികച്ച തൊഴിൽ അന്തരീക്ഷം, ആനുകൂല്യങ്ങൾ, കരിയർ വളർച്ച, ദുബായ് ജീവിതം എന്നിവയെക്കുറിച്ച് അടുത്തറിയാൻ ഈ അവസരം സഹായകമാകും. ലൈസൻസുള്ള എയർക്രാഫ്റ്റ് എൻജിനീയർമാർ, സീനിയർ മെക്കാനിക്കുകൾ, എയർക്രാഫ്റ്റ് ടെക്നീഷ്യൻമാർ, വർക് ഷോപ്പ് കാബിൻ ടെക്നീഷ്യൻമാർ, വെയർഹൗസ് ആന്റ് ലോജിസ്റ്റിക്സ് അസിസ്റ്റന്റുമാർ, മെയിന്റനൻസ് സപ്പോർട്ട് സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ നിരവധി തസ്തികകളിലേക്കാണ് നിയമനം. മുംബൈയ്ക്കും ഡൽഹിക്കും പുറമേ ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും ലണ്ടൻ, ഇസ്താംബുൾ, ഹോങ്കോങ് തുടങ്ങിയ രാജ്യാന്തര നഗരങ്ങളിലും വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ദുബായിലെ അത്യാധുനിക എൻജിനീയറിങ് ഹബ്
തിരഞ്ഞെടുക്കപ്പെടുന്ന ഭൂരിഭാഗം ജീവനക്കാർക്കും ദുബായിലുള്ള എമിറേറ്റ്സിന്റെ ലോകോത്തര എൻജിനീയറിങ് സെന്ററിലാകും നിയമനം. ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികമായ വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലൊന്നാണിത്. 55 ഹെക്ടറിലായി പരന്നുകിടക്കുന്ന ഈ കേന്ദ്രത്തിൽ ഒരേസമയം നിരവധി എയർബസ് എ380 വിമാനങ്ങൾ സൂക്ഷിക്കാൻ ശേഷിയുള്ള 12 ഭീമൻ ഹാങ്ങറുകളും പൂർണമായും ഓട്ടമേറ്റഡ് ആയ മെയിന്റനൻസ് സംവിധാനങ്ങളുമുണ്ട്. വലിയ വിമാന എൻജിനുകൾ പരീക്ഷിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. എമിറേറ്റ്സിന്റെ എയർബസ് എ380, ബോയിങ് 777 തുടങ്ങിയ ഭീമൻ വിമാനങ്ങളുടെ പൂർണമായ അറ്റകുറ്റപ്പണികൾ നടക്കുന്നത് ഈ കേന്ദ്രത്തിലാണ്.
ഇതിനകം തന്നെ ദുബായ് ആസ്ഥാനമായി 16 പ്രധാന എൻജിനീയറിങ് തസ്തികകളിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മെയിന്റനൻസ്, പ്രൊക്യൂർമെന്റ്, ടെക്നിക്കൽ ട്രെയിനിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഈ ഒഴിവുകൾ. ലീഡ് എയർക്രാഫ്റ്റ് മെക്കാനിക്, വാറന്റി ഓഫിസർ, വർക്ക്ഷോപ് മെയിന്റനൻസ് എൻജിനീയർ, പ്രൊക്യൂർമെന്റ് മാനേജർ, എൻജിനീയറിങ് ടൈപ്പ് ഇൻസ്ട്രക്ടർ തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. ജൂൺ, ജൂലൈ മാസങ്ങളിലായി ഇവയുടെ അപേക്ഷാ തീയതികൾ അവസാനിക്കും.
താൽപര്യമുള്ള എൻജിനീയറിങ് പ്രഫഷണലുകൾക്ക് എമിറേറ്റ്സിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി റജിസ്റ്റർ ചെയ്യാവുന്നതാണ്. വ്യോമയാന മേഖലയിൽ ദീർഘകാല കരിയർ ആഗ്രഹിക്കുന്നവർക്ക് എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള മികച്ച അവസരമാണിത്.