വരുമാനത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം - മംഗലൂരു വന്ദേഭാരത്

വരുമാനത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം - മംഗലൂരു  വന്ദേഭാരത്

എറണാകുളം :  വന്ദേ ഭാരത് സര്‍വീസുകളില്‍ വരുമാനത്തില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരം - മംഗലൂരു  വന്ദേഭാരതിന് .2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 73.35 ലക്ഷം രൂപയാണ് തിരുവനന്തപുരം- മംഗലൂരു സര്‍വീസില്‍ നിന്ന് വരുമാനമായി ദക്ഷിണ റെയില്‍വേയ്ക്ക്  ലഭിച്ചത് .

റെയിൽവേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന  24 വന്ദേ ഭാരത് സര്‍വീസുകളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വരുമാനം 20632 തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിനാണ്. ഇതേ കാലയളവില്‍ ഈ ട്രെയിന്‍ സര്‍വീസിനായുള്ള ബുക്കിങ്ങുകളുടെ എണ്ണവും ഏറ്റവും ഉയര്‍ന്നതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം- മംഗലൂരു സര്‍വീസിന് 11,896 ബുക്കിങ്ങുകളാണ് ലഭിച്ചത്. അതേസമയം 20627 ചെന്നൈ എഗ്മൂര്‍-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് 2,832 ബുക്കിങ്ങുകളും 20642 കോയമ്പത്തൂര്‍ ജംഗ്ഷന്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേ ഭാരതിന് 835 ബുക്കിങ്ങുകളും മാത്രമാണ് ലഭിച്ചത്.2025-26 വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേയുടെ വന്ദേ ഭാരത് സര്‍വീസുകളില്‍ ഒന്നടങ്കം 77.38 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 803.86 കോടി രൂപയാണ് വരുമാനമായത് നേടിയത്. 2024-25ല്‍ ഇത് 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയുമായിരുന്നു.മംഗലൂരു-തിരുവനന്തപുരം, ചെന്നൈ എഗ്മൂര്‍-നാഗര്‍കോവില്‍, കാസര്‍കോട്-തിരുവനന്തപുരം വന്ദേ ഭാരത് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള പല ട്രെയിനുകളിലും യാത്രക്കാര്‍ ഫുള്‍ ആണ്. അതായത് ഒക്യുപന്‍സി ലെവല്‍ തുടര്‍ച്ചയായി 100 ശതമാനത്തിന് മുകളിലാണ്. ഇത് യാത്രക്കാര്‍ക്കിടയില്‍ ഈ സര്‍വീസുകള്‍ക്കുള്ള ജനപ്രീതി അടിവരയിടുന്നു.2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ (2026 ഏപ്രില്‍-മേയ്) മാത്രം ഈ ട്രെയിനുകളില്‍ 15.21 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 162.96 കോടി രൂപ വരുമാനമായി നേടുകയും ചെയ്തു. ഇത് ദക്ഷിണേന്ത്യയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളോടുള്ള യാത്രക്കാരുടെ താത്പര്യം കാണിക്കുന്നതാണ്.യാത്രക്കാരുടെ എണ്ണം എപ്പോഴും ഉയര്‍ന്ന നിലയിലാണെങ്കിലും, ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ പുറപ്പെടുന്ന സ്റ്റേഷനുകളിലും യാത്രയ്ക്കിടയിലുള്ള മറ്റ് സ്റ്റേഷനുകളിലും ലഭ്യമായ ഒഴിവുള്ള സീറ്റുകള്‍ ബുക്ക് ചെയ്യാനും പ്രയോജനപ്പെടുത്താനും ദക്ഷിണ റെയില്‍വേയുടെ പുതിയ തീരുമാനം യാത്രക്കാരെ അനുവദിക്കുന്നു. ഈ പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള കാലയളവിലെ (2025 ഓഗസ്റ്റ്-ഒക്ടോബര്‍) എട്ട് പൈലറ്റ് ട്രെയിനുകളുടെ വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍, കറന്റ് ബുക്കിങ് നടത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന കാണാം. കൂടാതെ ഏതാണ്ട് എല്ലാ റൂട്ടുകളിലെയും വരുമാനത്തിലും വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.