നീറ്റ് പുനഃപരീക്ഷ: ചോദ്യ പേപ്പറുകള്‍ വഹിച്ച് 200 വിമാനങ്ങള്‍, വ്യോമസേനയുടെ ദൗത്യം ഇന്ന് പൂര്‍ത്തിയാകും

ന്യൂഡല്‍ഹി: പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഇല്ലാതാക്കാനായി രാജ്യത്തുടനീളം നീറ്റ്-യുജി ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ദൗത്യം ഇന്ന് പൂര്‍ത്തിയാകുമെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്നു ദൗത്യത്തിനായി ഉപയോഗിച്ചത് എംഐ 17 ഹെലികോപ്‌റ്ററുകളും വ്യോമസേന വിമാനങ്ങളും. ഇവ 200ലധികം സര്‍വീസുകള്‍ നടത്തി.രണ്ട് ഹബ്ബുകളില്‍ നിന്നുള്ള ചോദ്യപേപ്പറുകള്‍ 20ലധികം സ്ഥലങ്ങളിലെ വ്യത്യസ്‌ത കേന്ദ്രങ്ങളിലേക്കാണ് വിതരണം നടത്തിയത്. പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ ചേര്‍ച്ച തടയാനായാണ് ജൂണ്‍ 13ന് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.നിശ്ചയിക്കപ്പെട്ട 18 കേന്ദ്രങ്ങളിൽ നിന്നുള്ള അതീവ രഹസ്യസ്വഭാവമുള്ള നീറ്റ് ചോദ്യപേപ്പർ പാക്കറ്റുകൾ രാജ്യവ്യാപകമായുള്ള വിതരണ കേന്ദ്രങ്ങളിലും പരീക്ഷാ ഹബ്ബുകളിലും കൃത്യസമയത്ത് സുരക്ഷിതമായി എത്തിക്കുക എന്നതാണ് വ്യോമസേനയുടെ ചുമതല.മോക്ക് ഡ്രിൽ: നിർദിഷ്‌ട പദ്ധതി പ്രകാരം ചോദ്യപേപ്പറുകൾ ഡൽഹിയിൽ നിന്ന് മധുരയിലേക്ക് വിമാനങ്ങൾ വഴി അയച്ചു. അവിടെ നിന്ന് വ്യോമസേന ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ ഇന്ത്യൻ ആർമി ഹെലികോപ്റ്ററിൽ തിരുനെൽവേലി ആംഡ് റിസർവ് ഗ്രൗണ്ടിലെത്തിച്ചു. ഈ സുരക്ഷാ ക്രമീകരണങ്ങൾ പരീക്ഷിക്കുന്നതിനായി ഒരു മോക്ക് ഡ്രിൽ നടത്തി. 2026ലെ നീറ്റ്-യുജി ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി തിരുനെൽവേലി ആംഡ് റിസർവ് ഗ്രൗണ്ടിൽ ഒരു ഇന്ത്യൻ ആർമി ഹെലികോപ്റ്റർ ട്രയൽ ലാൻഡിങ് നടത്തി.
ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി:
ചോദ്യപേപ്പർ ചോർന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ഈ പരീക്ഷ ജൂണ്‍ 21ന് വീണ്ടും നടത്താനിരിക്കേയാണ് ഇന്ത്യന്‍ വ്യോമസേന ദൗത്യം ഏറ്റെടുത്തത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിനെ പ്ലേ സ്റ്റോറില്‍ നിന്നും ഇന്നലെ നീക്കം ചെയ്‌തിരുന്നു.പുനഃപരീക്ഷ നടക്കാനിരിക്കേയാണ് ഗൂഗിളിന്‍റെ നടപടി. ആപ്പ് സ്റ്റോറിൽ നിന്ന് ടെലഗ്രാം ഒഴിവാക്കാൻ ആപ്പിളിനും കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. സുഗമമായ പരീക്ഷാ നടത്തിപ്പിനായി രാജ്യത്ത് ഒരു മൊബൈൽ ആപ്ലിക്കേഷൻ തന്നെ നീക്കം ചെയ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കും വ്യാജ പ്രചാരണങ്ങൾക്കും ടെലഗ്രാം വേദിയാകുന്നുവെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ 22 പേർക്കെതിരെ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.