സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിസ്വീകരിച്ച് ഇന്ത്യൻപ്രധാനമന്ത്രി

സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിസ്വീകരിച്ച് ഇന്ത്യൻപ്രധാനമന്ത്രി

ബ്രാട്ടിസ്‌ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്' (ഒന്നാം ക്ലാസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വികസിപ്പിക്കുന്നതിനും സ്ലൊവാക്യയുടെ വിദേശനയങ്ങൾക്കും രാജ്യാന്തര നിലപാടുകൾക്കും നൽകിയ പിന്തുണയും പരിഗണിച്ചാണ് പുരസ്കാരം. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന മുപ്പത്തിമൂന്നാമത് രാജ്യാന്തര ബഹുമതിയാണിത്. ബ്രാട്ടിസ്‌ലാവയിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്ലൊവാക്യൻ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനി പുരസ്കാരം സമ്മാനിച്ചു.ബ്രാട്ടിസ്‌ലാവയിൽ വച്ച് പരമോന്നത ബഹുമതി ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ അംഗീകാരത്തിന് സ്ലൊവാക്യൻ സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിക്കുന്നതായും ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിനായി ഈ പുരസ്കാരം സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും തെളിവാണ് ഈ പുരസ്കാരമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക സൗഹൃദം തുടർന്നും വളർത്താൻ വരും തലമുറകൾക്ക് ഈ അംഗീകാരം പ്രചോദനമാകുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി ലഭിച്ചത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും യൂറോപ്പുമായുള്ള ഇന്ത്യയുടെ ഇടപെടലുകൾ വർധിപ്പിക്കുന്നതിലുമുള്ള അദ്ദേഹത്തിൻ്റെ നേതൃപാടവത്തിൻ്റെ തെളിവാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഈ അംഗീകാരവും ചരിത്രപരമായ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിദേശ പൗരന്മാർക്ക് സ്ലൊവാക്യ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ, സൈനിക ബഹുമതിയാണ് ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്.