അഭിജീത് ദീപ്കെയെ പരസ്യമായി മുഖത്തടിച്ചു; ജയ്‌പൂരിൽ സംഘർഷം

അഭിജീത് ദീപ്കെയെ പരസ്യമായി മുഖത്തടിച്ചു;  ജയ്‌പൂരിൽ സംഘർഷം

ജയ്‌പൂര്‍: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ നയിച്ച പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. ജയ്പൂരിൽ നടന്ന പ്രതിഷേധത്തിനിടയിൽ വലിയ ജനക്കൂട്ടത്തിന് നടുവിൽ വെച്ച് അഭിജീത് ദീപ്കെയ്ക്ക് മർദ്ദനമേറ്റു. പ്രകോപിതനായ ഒരാൾ ദീപ്കെയെ പരസ്യമായി മുഖത്തടിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ നിലവിൽ വരികയും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അഭിജീത് ദീപ്കെയ്ക്ക് മർദ്ദനമേറ്റതോടെ പ്രതിഷേധ സ്ഥലത്തെ സ്ഥിതിഗതികൾ പെട്ടെന്ന് കൈവിട്ടുപോയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മർദ്ദിച്ചയാളെ പ്രതിഷേധക്കാർ കൂട്ടമായി വളയുകയും ആക്രമിക്കുകയും ചെയ്തു. ഈ ബഹളത്തിനിടയിലും അക്രമം അഴിച്ചുവിടരുതെന്നും ശാന്തരാകണമെന്നും അഭിജീത് ദീപ്കെ അണികളോട് അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. എന്നാൽ ആക്രോശിച്ചെത്തിയ ജനക്കൂട്ടം പിന്മാറാൻ തയാറാകാതിരുന്നതോടെ പ്രതിഷേധ വേദി വലിയ സംഘർഷഭൂമിയായി മാറി. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.നീറ്റ്, സി.ബി.എസ്.ഇ, സി.യു.ഇ.ടി, എസ്.എസ്.സി തുടങ്ങിയ പ്രധാന പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുമാണ് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ആശങ്കകൾ മുൻനിർത്തി തികച്ചും സമാധാനപരവും ഭരണഘടനാപരവുമായ രീതിയിലാണ് തങ്ങൾ ക്യാമ്പയിൻ നടത്തുന്നതെന്നാണ് സി.ജെ.പി വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചാഴ്ചകളായി ഈ സമരം സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് നേടുന്നത്.പ്രതിഷേധത്തിന്‍റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഞായറാഴ്ച രാത്രി വൈകിയാണ് അഭിജീത് ദീപ്കെ ജയ്പൂരിൽ എത്തിയത്. സമരത്തിന് പ്രാദേശിക ഭരണകൂടം ആദ്യം അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് കർശന ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. സമരവേദിയിൽ ഒരേസമയം 800 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.