പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഡെപ്യൂട്ടി കൺട്രോളർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

 പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഡെപ്യൂട്ടി കൺട്രോളർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (ജെപിഎസ്‌സി) നടത്തിയ മത്സര പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സിഐഡി അറസ്റ്റ് ചെയ്തു. ജെപിഎസ്‌സി ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ശ്വേത കുമാരി ഗുപ്ത ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിയിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

അഞ്ച് പേർ അറസ്റ്റിൽ

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സിഐഡി അറിയിച്ചു. ശ്വേത കുമാരി ഗുപ്തയ്ക്ക് പുറമെ, പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ടിഎസ്ആർ ഡാറ്റാ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ ഡയറക്ടർ രാംവീർ സിങ്, മാർക്കറ്റിങ് മാനേജർ അഭയ് കുമാർ തിവാരി, മുഹമ്മദ് ഉസ്മാൻ, മുഹമ്മദ് എബാദ് എന്നിവരാണ് അറസ്റ്റിലായത്. 2026 ജൂലൈ 22നാണ് സിഐഡി കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾക്കും ജാർഖണ്ഡ് കോംപറ്റിറ്റീവ് എക്സാമിനേഷൻ ആക്ട് 2023-നും കീഴിലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഓഫിസുകളിൽ വൻ പരിശോധന

പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരമാണ് സിഐഡി അന്വേഷണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി ജൂലൈ 21-ന് റാഞ്ചി പൊലീസിൻ്റെ സഹായത്തോടെ സിഐഡിയുടെ പ്രത്യേക സംഘം വൻ പരിശോധന നടത്തിയിരുന്നു. ജെപിഎസ്‌സി ഓഫിസിലും പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിഎസ്ആർ ഡാറ്റാ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഫിസുകളിലും സംസ്ഥാനത്തെ മറ്റ് പലയിടങ്ങളിലും ഒരേസമയം പരിശോധന നടന്നു. ഈ പരിശോധനയിൽ നിർണായക രേഖകളും കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിഐഡി തുടർനടപടികൾ വേഗത്തിലാക്കിയത്.

പരീക്ഷകൾ മാറ്റിവച്ചു; ചെയർമാൻ്റെ രാജി

അതേസമയം, പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് റാഞ്ചിയിൽ വിദ്യാർഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും വൻ പ്രതിഷേധമാണ് നടത്തുന്നത്. ബിജെപി, യുവമോർച്ച പ്രവർത്തകർ ജെപിഎസ്‌സി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷവുമുണ്ടായി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജെപിഎസ്‌സി ചെയർമാൻ എൽ.ബി. ഖിയാങ്‌തെ തൻ്റെ സ്ഥാനം രാജിവച്ചു. ഇദ്ദേഹത്തിൻ്റെ രാജി ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ അംഗീകരിച്ചിട്ടുണ്ട്. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് ജൂലൈ 25 മുതൽ 27 വരെ നടക്കാനിരുന്ന 14-ാമത് ജാർഖണ്ഡ് കമ്പൈൻഡ് സിവിൽ സർവീസസ് മെയിൻ പരീക്ഷയും മറ്റ് പരീക്ഷകളും ജെപിഎസ്‌സി മാറ്റിവച്ചു. മുൻപ് കരിമ്പട്ടികയിൽ ഉൾപ്പെട്ട ഏജൻസിക്ക് പരീക്ഷാ നടത്തിപ്പ് ചുമതല നൽകിയതിലും വലിയ വിമർശനം ഉയരുന്നുണ്ട്. ഒഎംആർ ഷീറ്റുകളിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഏജൻസിക്കെതിരെ ഉയർന്നിട്ടുള്ളത്. കേസിൻ്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും സിഐഡി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.