ഷൊര്‍ണൂരിലൂടെ മുംബൈവഴി മെക്‌സിക്കോ സിറ്റിയിലേക്ക് രജിത് ദേവ്

ഷൊര്‍ണൂരിലൂടെ മുംബൈവഴി മെക്‌സിക്കോ സിറ്റിയിലേക്ക്  രജിത് ദേവ്

 മുംബൈ :ഇന്ന് 11 മണിക്കാരംഭിക്കുന്ന   ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മെക്‌സിക്കോ സിറ്റിയില്‍ അവതരിപ്പിക്കപ്പെടുന്ന 'സീര്‍ സീര്‍' എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫർ   ഒരുമലയാളിയാണ് . ഔദ്യോഗിക ലോകകപ്പ് ആല്‍ബത്തിലെ 18 ഗാനങ്ങളില്‍ ഒന്നായ ഈ ഗാനത്തിലൂടെ, ഫിഫ ലോകകപ്പ് ആല്‍ബവുമായി ബന്ധപ്പെട്ട ആദ്യ ഇന്ത്യക്കാനും ആദ്യ മലയാളിയുമെന്ന അപൂര്‍വ നേട്ടവും ഈ  മലയാളിക്കുതന്നെ. രജിത് ദേവ് മുംബൈയിലാണ്  ജനിച്ചുവളര്‍ന്നെങ്കിലും രജിത്തിന്റെ കുടുംബവേരുകള്‍ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലാണ്. അപ്രതീക്ഷിതമായാണ് നൃത്തം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വീട്ടിലെ മറ്റൊരു തീരുമാനത്തിന്റെ അനന്തരഫലമായിരുന്നു അത്.

'സഹോദരിയെ ഭരതനാട്യം പഠിപ്പിക്കണമെന്ന് അച്ഛനും അമ്മയും തീരുമാനിച്ചു. അവളെ ക്ലാസിലേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനുമൊക്കെ ഞാനും കൂടെ പോകുമായിരുന്നു. അങ്ങനെയാണ് നൃത്തവുമായി ബന്ധം തുടങ്ങിയത്' -രജിത് ഓര്‍ക്കുന്നു. അധികം വൈകാതെ തന്നെ ഈ യാത്ര ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശമായി മാറി. ഭരതനാട്യത്തില്‍ പരിശീലനം നേടിയ രജിത് അരങ്ങേറ്റവും നടത്തി. ഇന്ന് ലോകവേദികളില്‍ തിളങ്ങുന്ന കൊറിയോഗ്രാഫറായിട്ടും, തന്റെ കലാജീവിതത്തിന്റെ അടിത്തറ ഭരതനാട്യമാണെന്ന്  രജിത് തുറന്നു പറയുന്നു.സ്‌കൂള്‍ വാര്‍ഷികാഘോഷം, ഗണേശോത്സവ വേദികള്‍, പ്രാദേശിക സാംസ്‌കാരിക പരിപാടികള്‍ എന്നിവയായിരുന്നു രജിത്തിന്റെ ആദ്യ വേദികള്‍. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയത് കുടുംബത്തിന്റെ പിന്തുണയായിരുന്നു. അച്ഛനൊപ്പമുള്ള ആ യാത്രകള്‍ മറക്കാനാകില്ലെന്ന് രജിത് പറയുന്നു.മുംബൈയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അച്ഛന്‍ പലപ്പോഴും അവധിയെടുത്ത് എന്നോടൊപ്പം വരുമായിരുന്നു. ചിലപ്പോള്‍ മത്സരം കഴിഞ്ഞ് അവസാന ട്രെയിന്‍ നഷ്ടപ്പെടും. അപ്പോള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടന്ന് ഉറങ്ങി, രാവിലെ ആദ്യ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങിയ ദിവസങ്ങളുണ്ട്. അത്തരം ദിവസങ്ങളില്‍ നിന്നാണ് ബോളിവുഡിലേക്കുള്ള വാതിലുകള്‍ തുറന്നതെന്നും രജിത് ഓര്‍ക്കുന്നു. എസ് കെ സോമയ്യ കോളജില്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന കാലത്ത്, 18-ാം വയസ്സില്‍ രജിത്തിന് ആദ്യ ബോളിവുഡ് അവസരം ലഭിച്ചു. ഋത്വിക് റോഷന്‍ അവതരിപ്പിച്ച, പ്രഭുദേവ നൃത്തസംവിധാനം ചെയ്ത പ്രശസ്ത ഗാനമായ 'മൈന്‍ ഐസാ ക്യോ ഹൂണ്‍'-ലായിരുന്നു ആ അരങ്ങേറ്റം. ബാല്യകാലം മുതല്‍ ആരാധിച്ചിരുന്ന രണ്ട് വ്യക്തികള്‍ക്കൊപ്പം സിനിമാ സെറ്റില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമായിരുന്നുവെന്ന് രജിത് പറയുന്നു.

അതിനുശേഷം കരിയര്‍ അതിവേഗം മുന്നേറി. പ്രമുഖ കൊറിയോഗ്രാഫര്‍മാരോടൊപ്പം പ്രവര്‍ത്തിക്കുകയും, 'ദ മര്‍ച്ചന്റ്‌സ് ഓഫ് ബോളിവുഡ്' എന്ന പ്രശസ്ത സ്റ്റേജ് പ്രൊഡക്ഷനുമായി ലോകത്തിന്റെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ടെലിവിഷന്‍ റിയാലിറ്റി ഷോ 'ജസ്റ്റ് ഡാന്‍സ്' അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. അതിലൂടെ പ്രശസ്ത കൊറിയോഗ്രാഫര്‍ വൈഭവി മര്‍ച്ചന്റിനൊപ്പം ഏഴ് വര്‍ഷം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. ആ കാലയളവില്‍ ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ താരങ്ങളുമായി രജിത് സഹകരിച്ചു. പിന്നീട് രണ്‍വീര്‍ സിങ്ങും നോറ ഫത്തേഹിയും ഉള്‍പ്പെടെയുള്ള താരങ്ങളുമായുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര കരിയറിന് കൂടുതല്‍ മികവ് നല്‍കി.നോറ ഫത്തേഹിയുമായുള്ള ഒരു ദശാബ്ദത്തിലേറെ നീണ്ട കൂട്ടുകെട്ടാണ് ഇന്ന് രജിത്തിനെ ഫിഫ ലോകകപ്പിന്റെ വേദിയിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ ലോകകപ്പിനായി പ്രവര്‍ത്തിക്കുന്നത് സാധാരണ മ്യൂസിക് പ്രോജക്ട് പോലെ ആയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്ത 'സീര്‍ സീര്‍' ഗാനത്തിന് ആഗോള പ്രേക്ഷകര്‍ക്ക് ഒരുപോലെ അനുഭവിക്കാനാകുന്ന ഒരു ദൃശ്യഭാഷ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. 'ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അതിനോട് എന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. സംഗീതം തന്നെയാണ് ചുവടുകളെ നിര്‍ണയിക്കുന്നത്. ഇവിടെയും അതുതന്നെയാണ് ചെയ്തത്' -രജിത് പറയുന്നു.

മൊറോക്കന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ ജനപ്രിയമായ ഒരു മുദ്രാവാക്യത്തില്‍ നിന്നാണ് 'സീര്‍ സീര്‍' ഗാനത്തിന് പ്രചോദനം ലഭിച്ചത്. ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന കാഴ്ചാനുഭവം സൃഷ്ടിക്കുമ്പോഴും അതില്‍ ഇന്ത്യന്‍ ആത്മാവ് നിലനിര്‍ത്തണമെന്നായിരുന്നു തന്റെ ലക്ഷ്യമെന്ന് രജിത് വ്യക്തമാക്കുന്നു. ഇത് ആഗോള നിലവാരമുള്ളതായിരിക്കണം. പക്ഷേ അതിന്റെ ഊര്‍ജവും ആത്മാവും ഇന്ത്യയുടേത് തന്നെയായിരിക്കണം. ഇന്ത്യന്‍ കലാകാരന്മാരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് എന്താണെന്ന് ലോകത്തിന് കാണിക്കാനുള്ള അവസരമായാണ് ഈ പ്രോജക്ടിനെ കണ്ടതെന്നും അദ്ദേഹം പറയുന്നു.

മുംബൈയിലും ഷൊര്‍ണൂരിലുമുള്ള വേദികളിലൂടെ  ലോകകപ്പിന്റെ മഹാവേദിയിലേക്ക് എത്തിയ ഈ യാത്ര, ഒരു നൃത്തസംവിധായകന്റെ വിജയകഥ മാത്രമല്ല. ലോകവേദിയില്‍ ഇന്ത്യന്‍ പ്രതിഭകള്‍ക്കായി പുതിയ വഴികള്‍ തുറക്കുന്നതിന്റെ കഥ കൂടിയാണ്. ഉദ്ഘാടനച്ചടങ്ങില്‍ 'സീര്‍ സീര്‍' മുഴങ്ങുമ്പോള്‍,നൃത്തച്ചുവടുകൾ പടരുമ്പോൾ തീർച്ചയായും അത് ഓരോ മലയാളിക്കും കൂടി അഭിമാനിക്കാവുന്ന കാഴ്ച്ചയായി മാറും  എന്ന കാര്യം ഉറപ്പാണ് .