പുരി രഥയാത്ര : തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേർ മരിച്ചു, 200 പേർ ആശുപത്രിയിൽ

പുരി: ഒഡീഷയിലെ പുരിയിൽ ഇന്ന് നടന്ന പ്രസിദ്ധമായ രഥയാത്രയ്ക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് രണ്ട് തീർഥാടകർ മരിച്ചു. രഥയാത്രയുടെ പ്രധാന പാതയായ ഗ്രാൻഡ് റോഡിൽ തടിച്ചുകൂടിയ ഭക്തരുടെ വൻ ജനക്കൂട്ടത്തിനിടയിൽ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു.ഇരുവരേയും ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണപ്പെട്ട ആളുകളുടെ കൃത്യമായ വിവരങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണകാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മരീചിക്കോട്ട് ചൗക്കിൽ തിക്കും തിരക്കും; 150 പേർ ചികിത്സയിൽ
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മരീചിക്കോട്ട് ചൗക്കിൽ അപകടകരമായ രീതിയിൽ തിക്കും തിരക്കും അനുഭവപ്പെടുകയും ആളുകൾ പരിഭ്രാന്തരായി ഓടാൻ ശ്രമിക്കുകയും ചെയ്തതായി വിവരമുണ്ട്.രഥയാത്രയ്ക്കിടെ ഉണ്ടായ വിവിധ ആരോഗ്യപ്രശ്നങ്ങളെയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം നൂറ്റമ്പതോളം പേരെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇവർ ഇവിടെ ചികിത്സയിലാണ്.