ചോദ്യ പേപ്പർ ചോർന്നാൽ ഇനി കടുത്ത ശിക്ഷ; ബില്ലിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ

ചോദ്യ പേപ്പർ ചോർന്നാൽ ഇനി കടുത്ത ശിക്ഷ; ബില്ലിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കർശന ശിക്ഷകൾ നൽകുന്നതിനുള്ള ബില്ലിന് അനുമതി നല്‍കി മന്ത്രിസഭ.  പേപ്പർ ചോർച്ച കേസുകളിൽ കടുത്ത ശിക്ഷ നൽകാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കുമെന്നാണ് സൂചന.നിലവിൽ പേപ്പർ ചോർച്ച നടത്തിയാൽ 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഭേദഗതിയോടെ ഇത് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയുമായി ഉയർത്തും.സംശയാസ്പദമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്ത സേവനദാതാക്കൾക്ക് നിലവിലെ നിയമപ്രകാരം 1 കോടി രൂപ വരെ പിഴ ചുമത്താം. സംഘടിത കുറ്റകൃത്യമാണെങ്കിൽ 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 150 പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടും ഒരു കേസിൽ പോലും ശിക്ഷയില്ലെന്ന് ബുധനാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

. മന്ത്രിസഭാ യോഗത്തിൽ ബില്ലിൻ്റെ രൂപരേഖ ചർച്ച ചെയ്യുമെന്നും നിർദ്ദിഷ്‌ട നിയമനിർമ്മാണം അന്തിമമാക്കുമെന്നും മോദി ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിൽ പാസായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ഇന്നലെ അർധരാത്രി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കഴിഞ്ഞ രണ്ടര മാസത്തിനിടെ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ പിടികൂടി ജയിലിലടച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. വിദ്യാർഥികളുടെ ഒരു അധ്യയന വർഷം നഷ്ടപ്പെടാതിരിക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകിയത്. 22 ലക്ഷം വിദ്യാർഥികൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷ എഴുതാൻ കഴിഞ്ഞുവെന്നും ജൂലൈ 19ന് ഫലം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള നിർദേശം സമർപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രി വൈകി അവർ ഇതിനുള്ള പ്രമേയം സമർപ്പിച്ചു. അതിവേഗ കോടതികൾക്കും കടുത്ത ശിക്ഷകൾക്കുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ഈ പ്രമേയം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമരൂപം നൽകിയ ശേഷം തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൻ്റെ രണ്ടാം വാരത്തിൽ തന്നെ ബിൽ പാസാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

https://www.worldm.news/national/cjp-central-government-talks--33962