ബിഹാറിൽ യുവതിയെ കൊന്ന് വെട്ടിനുറുക്കി, ഭർത്താവും അമ്മായിയമ്മയും കസ്റ്റഡിയിൽ

പട്ന: ബിഹാറിലെ ബങ്ക ജില്ലയിൽ കാണാതായ 26-കാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രിയങ്ക കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിവേക് പണ്ഡിറ്റ്, അമ്മായിയമ്മ മധുമല ദേവി, ഒരു പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജൂൺ 27-നാണ് പ്രിയങ്കയെ കാണാതായത്. പിതാവ് സുഖ്ദേവ് പണ്ഡിറ്റിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2021-ൽ വിവാഹിതയായ പ്രിയങ്കയ്ക്ക് മൂന്ന് പെൺമക്കളാണുള്ളത്. ആൺകുട്ടികളില്ലാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി പിതാവ് പറഞ്ഞു.
ജൂലൈ ഒന്നിന് നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രിയങ്കയെയും ഭർത്താവിനെയും ക്ഷണിച്ചിരുന്നുവെങ്കിലും അവർ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ പ്രിയങ്ക സ്വന്തം വീട്ടിലേക്ക് പോയെന്നായിരുന്നു ഭർതൃവീട്ടുകാരുടെ മറുപടി. എന്നാൽ, പ്രിയങ്ക അവിടെ എത്തിയിരുന്നില്ല. സംശയത്തെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ദുമർഹാർ എന്ന സ്ഥലത്ത് നിന്ന് യുവതിയുടെ തല വെട്ടിയെടുത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ, ഭർതൃവീട്ടുകാരുടെ പങ്കും വ്യക്തമായി.
പ്രതികൾ നൽകിയ വിവരമനുസരിച്ച് രംഗ ഗ്രാമത്തിന് സമീപമുള്ള ജലസേചന വകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെ ടോയ്ലറ്റ് ടാങ്കിൽ നിന്ന് ശരീരഭാഗങ്ങൾ ചാക്കിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, കൈകളും കാലുകളും ഇനിയും കണ്ടെത്താനുണ്ട്. പ്രതികൾ മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പങ്കുള്ള മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ബൽഹാർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ രവീന്ദ്ര മോഹൻ പ്രസാദ് വ്യക്തമാക്കി