പതിനൊന്നാമത് നീതി ആയോഗ് യോഗം ഇന്ന് ന്യൂഡൽഹിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പതിനൊന്നാമത് നീതി ആയോഗ് യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേരും. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലൂന്നിയുള്ള ചർച്ചകൾക്കൊപ്പം, രാജ്യത്തെ വിവിധ പരീക്ഷാ നടത്തിപ്പുകളിലെ ക്രമക്കേടുകളും യോഗത്തിൽ പ്രധാന ചർച്ചയാകും. യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി സതീശൻ ന്യൂഡൽഹിയിലെത്തി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രിമാരുടെ സാന്നിധ്യം
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനൻ്റ് ഗവർണർമാരും നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരള മുഖ്യമന്ത്രി വി.ഡി സതീശന് പുറമെ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ ഇന്നലെ തന്നെ ന്യൂഡൽഹിയിൽ എത്തിച്ചേർന്നിരുന്നു.മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായകമായ നീതി ആയോഗ് യോഗം ചേരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിന് മുന്നോടിയായി ഇന്നലെ വൈകിട്ട് എൻഡിഎ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗവും ചേർന്നിരുന്നു. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന ഇരുപത്തിരണ്ടോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
പശ്ചിമേഷ്യൻ സംഘർഷവും സാമ്പത്തിക ലക്ഷ്യങ്ങളും
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളും മുൻകരുതലുകളും സംബന്ധിച്ച നിർദേശങ്ങൾ നേരത്തെ തന്നെ ജനങ്ങൾക്ക് മുന്നിൽ വച്ചിരുന്നു. സംസ്ഥാനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കേണ്ടതിൻ്റെ ആവശ്യകത ഇന്നത്തെ യോഗത്തിൽ കേന്ദ്രസർക്കാർ ഉന്നയിക്കും.2047ൽ 'വികസിത ഭാരതം' എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ രാജ്യത്ത് പുതിയ സംരംഭങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും. തൊഴിലവസരങ്ങൾ പരമാവധി കൂട്ടുന്നതിനും, കാലാനുസൃതമായി ആളുകളുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും ആവശ്യമായ നയരൂപീകരണങ്ങൾ യോഗത്തിൻ്റെ പ്രധാന അജണ്ടയാണ്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, രാജ്യത്തെ വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവന്ന ക്രമക്കേടുകൾ യോഗത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചേക്കും. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്ത് ആകമാനം വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് നീതി ആയോഗ് യോഗം ചേരുന്നത്. സംസ്ഥാനങ്ങൾക്കുള്ള ഈ വിഷയത്തിലുള്ള കടുത്ത അതൃപ്തിയും അഭിപ്രായങ്ങളും മുഖ്യമന്ത്രിമാർ യോഗത്തിൽ നേരിട്ട് അറിയിക്കും.പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ചും സംസ്ഥാനങ്ങൾ നിർദേശം നൽകും. വിദ്യാഭ്യാസ മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്വീകരിക്കേണ്ട കർമപദ്ധതികൾക്കും യോഗം രൂപം നൽകിയേക്കും.