രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള 7 ആംആദ്‌മിപാർട്ടി എംപിമാർ ബിജെപിയിലേക്ക്

രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള 7 ആംആദ്‌മിപാർട്ടി എംപിമാർ ബിജെപിയിലേക്ക്

ന്യുഡൽഹി:   ആംആദ്‌മിപാർട്ടിയെ പിളർത്തിക്കൊണ്ട്  രാഘവ് ഛദ്ദ എംപി അടക്കം ഏഴ് എംപിമാർ പാർട്ടി വിട്ട്  ബിജെപിയിൽ ചേർന്നു . സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടതായി  വാർത്താ സമ്മേളനത്തിൽ ചദ്ദ അറിയിച്ചു .ഛദ്ദയെ കൂടാതെ പാർട്ടിവിട്ടവരിൽ  സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉൾപ്പെടുന്നു. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു.

 തനിക്ക് നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ, അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമർശനവും നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു.

തന്‍റെ ജീവിതത്തിലെ 15 വർഷം ആം ആദ്മി പാർട്ടിക്കായി സമർപ്പിച്ചു. ഇപ്പോൾ പാർട്ടി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നു. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താൻ. താൻ പാർട്ടിയിൽ നിന്ന് മാറി ജനങ്ങളുമായി കൂടുതൽ അടുക്കുകയാണെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. ബിജെപിയിൽ ചേരുന്നതോടെ രാഘവ് ഛദ്ദ മന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിനുശേഷം, അധികാരത്തിൽ വന്ന  ഭഗവന്ത് മാൻ സർക്കാറിൻ്റെ  ഉപദേശക സമിതി  ചെയർമാനായിരുന്നു ചദ്ദ .2026 ഏപ്രിൽ 2-ന്, ആം ആദ്മി പാർട്ടി രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ഛദ്ദയെ പെട്ടെന്ന് നീക്കം ചെയ്യുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പ്രധാന പാർട്ടി പരിപാടികളിൽ ഛദ്ദ ദീർഘനേരം വിട്ടുനിന്നതും സെൻസിറ്റീവ് വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച മൗനവുമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു, ഇത് ആഭ്യന്തര വിള്ളലുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി.കേന്ദ്രത്തെ വിമർശിക്കുന്നില്ലെന്ന് പരാതിയും ചദ്ദക്കെതിരെ ഉയർന്നിരുന്നു.അതിനുശേഷം  രാഘവ് ഛദ്ദ എംപി എഎപിയിൽ നിന്ന് അകന്നു .നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദയുടെ പ്രതികരണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ  നേരത്തെ ചോദിച്ചിരുന്നു.