സ്പാനിഷ് ഫുട്ബോളിൽ ചരിത്രമെഴുതി ഒരു കണ്ണൂർക്കാരൻ

സ്പാനിഷ് ഫുട്ബോളിൽ ചരിത്രമെഴുതി ഒരു കണ്ണൂർക്കാരൻ

കണ്ണൂർ: ലോക ഫുട്ബോളിലെ അതികായന്മാർ വാഴുന്ന യൂറോപ്യൻ പ്രൊഫഷണൽ ലീഗിൽ ഒരിന്ത്യക്കാരൻ പരിശീലകനാവുക. അതും തന്ത്രങ്ങൾക്ക് പേരുകേട്ട സ്പാനിഷ് ഫുട്ബോളിൽ ഒരു മലയാളി ഈ അതിശയ നേട്ടം കൈവരിക്കുക.

സ്വപ്നതുല്യമായ ഈ അപൂർവ നേട്ടം വാസ്തവമാക്കി രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ ചെറുപുഴ സ്വദേശിയായ ജിദിൻ ജനാർദനൻ. സ്പെയിനിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എഡി അൽകോർക്കോണിൻ്റെ ബി ടീം സഹപരിശീലകനായാണ് ഈ ഇരുപത്താറുകാരൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. നിലവിൽ യൂറോപ്യൻ പ്രൊഫഷണൽ ഫുട്ബോളിൽ പരിശീലകനായി ജോലി ചെയ്യുന്ന ഒരേയൊരു ഇന്ത്യക്കാരൻ കൂടിയാണ് ജിദിൻ.

കണ്ണൂരിൻ്റെ മലയോര മേഖലയായ ചെറുപുഴയിൽ ജനിച്ച ജിദിൻ പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. ദുബായ് വിമാനത്താവളത്തിലെ മുൻ ഉദ്യോഗസ്ഥനായ ജനാർദനൻ്റെയും ദീപയുടെയും മകനായ ജിദിന് ചെറുപ്പം തൊട്ടേ ഫുട്ബോളിനോടായിരുന്നു താത്പര്യം.യുഎഇയിലെ ഷാർജയിലായിരുന്നു സ്കൂൾ പഠനം. പിന്നീട് ഉയർന്ന ഫുട്ബോൾ പരിശീലനം ലക്ഷ്യമിട്ട് സ്പെയിനിലേക്ക് തിരിച്ചു. സ്പെയിനിലെ റയൽ മാഡ്രിഡ് ഗ്രാജ്വേറ്റ് സ്കൂളിൽ നിന്നാണ് ഫുട്ബോൾ കോച്ചിങ് ആൻഡ് മാനേജ്മെൻ്റിൽ നിന്നാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതെന്ന് ജിദിൻ  പറഞ്ഞു. മുൻ ബാഴ്സലോണ യൂത്ത് ടീം താരവും പ്രശസ്ത പരിശീലകനുമായ ജോർഡി കൊണ്ടോം ഔലിയുടെ കീഴിലാണ് ജിദിൻ ഇപ്പോൾ അസിസ്റ്റൻ്റ് കോച്ചായി പ്രവർത്തിച്ചുവരുന്നത്.

സ്പെയിനിലെ പഠനകാലത്ത് റയൽ മാഡ്രിഡ് ഇതിഹാസ താരം ആൽവാരോ അർബെലോവയായിരുന്നു ജിദിൻ്റെ കോഴ്സ് ഡയറക്ടർ. പിന്നീട് റയൽ മാഡ്രിഡ് യൂത്ത് ടീമിൻ്റെ മുഖ്യ പരിശീലകനായി മാറിയ അദ്ദേഹവുമായുള്ള ബന്ധം ജിദിൻ്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കി. യൂറോപ്യൻ ഫുട്ബോളിൻ്റെ തന്ത്രങ്ങൾ അതിൻ്റെ ഏറ്റവും മികച്ച വ്യക്തികളിൽ നിന്നുതന്നെ പഠിച്ചെടുക്കാൻ ഈ പരിചയം സഹായകമായി.തുടർന്ന് സ്പാനിഷ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന എഡി അൽകോർക്കോൺ ക്ലബ്ബിൻ്റെ സി ടീമിൽ ഒരു ഇൻ്റേൺഷിപ്പ് ലഭിച്ചു. അവിടെ വെച്ച് ജിദിൻ്റെ അസാമാന്യ പ്രതിഭ തിരിച്ചറിഞ്ഞ അപ്പോഴത്തെ മുഖ്യപരിശീലകൻ അലക്സാണ്ടർ തൻചെസ്കി രണ്ടായിരത്തി ഇരുപത്തിമൂന്ന് സീസണിൽ ടീമിൻ്റെ സ്ഥിരം പരിശീലക സംഘത്തിലേക്ക് ഈ മലയാളിയെ ഉൾപ്പെടുത്തി. കഠിനാധ്വാനത്തിൻ്റെ ഫലമായി തൊട്ടടുത്ത വർഷം സി ടീമിൻ്റെ സഹപരിശീലകനായും പിന്നീട് ഇടക്കാല പരിശീലകനായും ജിദിന് സ്ഥാനക്കയറ്റം ലഭിച്ചു.ചരിത്രം കുറിച്ച ക്ലബ്ബ്

സി ടീമിലെ പരിശീലകനെന്ന നിലയിലുള്ള മികച്ച പ്രകടനമാണ് ബി ടീമിലേക്കും അവിടെ മുഖ്യ പരിശീലകനായ ജോർഡിയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കാനും ജിദിന് അവസരമൊരുക്കിയത്. വരും സീസണിലും എഡി അൽകോർക്കോണിൻ്റെ ബി ടീം സഹപരിശീലകനായി സ്പെയിനിൽ തന്നെ ജിദിൻ തുടരും.

ഫുട്ബോൾ ലോകത്ത് വളരെ വേഗത്തിൽ ഉയർന്നുവന്ന അൽകോർക്കോൺ ഒട്ടേറെ വമ്പൻ ടീമുകളെ അട്ടിമറിച്ച ചരിത്രമുള്ള ക്ലബ്ബാണ്. റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ഗെറ്റാഫെ, ലെഗാനസ് തുടങ്ങി വലിയ പേരുകാരെയെല്ലാം ഇവർ പരാജയപ്പെടുത്തിയിട്ടുണ്ട്.രണ്ടായിരത്തി ഒൻപത് സീസണിൽ ലോകത്തിലെ ഏറ്റവും ശക്തരായ കളിസംഘമായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് എഡി അൽകോർക്കോൺ ലോകശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, കക്ക, കരിം ബെൻസെമ, സാബി അലോൺസോ തുടങ്ങിയ സൂപ്പർതാരങ്ങൾ റയലിൽ എത്തിയ വർഷമായിരുന്നു അത്. റൗൾ, ഗുട്ടി, റൂഡ് വാൻ നിസ്റ്റൽറൂയ്, മാഴ്സലോ എന്നിവർ കൂടി അണിനിരന്ന റയലിൻ്റെ എക്കാലത്തെയും കരുത്തുറ്റ ടീമിനെയാണ് അൽകോർക്കോൺ അന്ന് അവിശ്വസനീയമാം വിധം തോൽപ്പിച്ചത്.

റയൽ മാഡ്രിഡിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകൾ നടന്ന കാലത്തായിരുന്നു ആ വലിയ അട്ടിമറിയെന്ന് ജിദിൻ ഓർമിക്കുന്നു. തെക്കൻ മാഡ്രിഡിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ചരിത്രപ്രസിദ്ധമായ ആ ക്ലബ്ബിൻ്റെ ഭാവി താരങ്ങളെയാണ് ഇന്ന് കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരൻ പരിശീലിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയ ഊർജമാണ് ഈ അപൂർവ നേട്ടം. യൂറോപ്പിലെ വമ്പൻ ക്ലബ്ബിൽ തൻ്റെതായ ഇരിപ്പിടം കണ്ടെത്തിയ ഈ യുവാവ് ലോകമറിയപ്പെടുന്ന മികച്ച കോച്ചായി മാറുമെന്ന വലിയ പ്രതീക്ഷയിലാണ് കായികകേരളം.