മൂന്ന് കുട്ടികളുണ്ടെങ്കില്‍ 30,000, നാലായാൽ 40,000 രൂപ: ജനസംഖ്യാ പ്രോത്സാഹന പദ്ധതി പുറത്തിറക്കി ആന്ധ്ര മുഖ്യമന്ത്രി

മൂന്ന് കുട്ടികളുണ്ടെങ്കില്‍ 30,000, നാലായാൽ 40,000 രൂപ:  ജനസംഖ്യാ പ്രോത്സാഹന പദ്ധതി പുറത്തിറക്കി  ആന്ധ്ര മുഖ്യമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ ജനസംഖ്യാ നിരക്കിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുന്നുവെന്നാണ് പ്രഖ്യാപനം. കുടുംബത്തിൽ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായം ലഭിക്കും. അതേസമയം അമ്മയ്ക്ക് ആദരസൂചകമായി 15,000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന 'സ്വർണ ആന്ധ്ര, സ്വച്ഛ് ആന്ധ്ര' ശുചിത്വ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം. കുട്ടികളെ ഒരു ഭാരമായി കണക്കാക്കരുതെന്നും അവരെ സമ്പത്തായി അംഗീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. കുട്ടികള്‍ക്കും അമ്മമാര്‍ക്കും നല്‍കുന്ന തുക ക്രമേണ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം കാണണമെന്നാണ് തൻ്റെ ആഗ്രഹം. സമൂഹം മാറിയാൽ സ്വച്ഛന്ദ്ര യാഥാർത്ഥ്യമാകും. സമ്പത്ത് സൃഷ്‌ടിക്കുകയും ദരിദ്രർക്ക് വിതരണം ചെയ്യുകയും വേണം. സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കണം. സർക്കാരിന് നല്ല പേരുണ്ടാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ജനസംഖ്യാ നിയന്ത്രണത്തെ ശക്തമായി അനുകൂലിച്ചിരുന്ന നായിഡു, നിലവിലെ സാഹചര്യത്തിൽ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷം ഭരിച്ച പാർട്ടി എല്ലാ ജനങ്ങളുടെയും സ്വത്തുക്കൾ മാറ്റുകയും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. സഖ്യ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ജനങ്ങളുടെ ഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ല. ഭൂമി തർക്കങ്ങൾ ഇല്ലാതാക്കേണ്ടത് സഖ്യ സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.